ചെന്നൈ: സനാതന ധർമ്മത്തെ അവഹേളിച്ച സംഭവത്തിൽ തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ കേസ്. വിശ്വാസികളുടെ പരാതിയിൽ മുംബൈ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നേരത്തെ ഉത്തർപ്രദേശിലും കർണാടകയിലും ഉദയനിധിയ്‌ക്കെതിരെ കേസ് എടുത്തിരുന്നു.
മുംബൈയിലെ മീരാ റോഡ് പോലീസിന്റേതാണ് നടപടി. പരാമർശത്തിൽ ഉദയനിധിയ്‌ക്കെതിരെ നിരവധി പരാതികൾ പോലീസ് സ്‌റ്റേഷനിൽ ലഭിച്ചിരുന്നു. ഇതോടെയായിരുന്നു കേസ് എടുത്തത്. സമൂഹത്തിൽ ഇരു മതവിഭാഗങ്ങൾ തമ്മിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചതിനും മതവികാരം വ്രണപ്പെടുത്തിയതിനുമാണ് കേസ് എടുത്തിട്ടുള്ളത്.
സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്നായിരുന്നു ഉദയനിധി സ്റ്റാലിൻ പറഞ്ഞത്. സനാതന ധർമ്മം ഡെങ്കിയും മലേറിയയും പോലെയാണ്. അതിനാൽ ഉന്മൂലനം ചെയ്യണം എന്നായിരുന്നു ഉദയനിധിയുടെ പരാമർശം. ഇതിന് പിന്നാലെ ഉദയനിധിയ്‌ക്കെതിരെ വ്യാപക വിമർശനവും പ്രതിഷേധവും ഉയർന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം ആളുകൾ പരാതികളുമായി പോലീസിനെ സമീപിക്കുകയായിരുന്നു.
വ്യാപകമായി പരാതി ലഭിച്ചതോടെ യുപിയിലെ റാംപൂരിൽ കഴിഞ്ഞ ആഴ്ചയാണ് പോലീസ് കേസ് എടുത്തത്. ഉദയനിധി സ്റ്റാലിന് പുറമേ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ മകൻ പ്രിയാങ്ക് ഖാർഗെയ്‌ക്കെതിരെയും കേസ് എടുത്തിരുന്നു.
Discussion about this post