കോഴിക്കോട്: സംസ്ഥാനത്ത് നിപ നാലാം ബാധയിൽ മരിച്ച രണ്ട് പേരും പരസ്പരം സമ്പർക്കത്തിൽ വരാത്തവർ. കോഴിക്കോടും വടകരയിലുമാണ് ഓരോ മരണങ്ങൾ വീതം സംഭവിച്ചിരിക്കുന്നത്. ഇരുവരുടെയും രോഗബാധയുടെ ഉറവിടം വ്യക്തമല്ല. നാലാം രോഗബാധയിൽ ഒന്നിലധികം ഉറവിടങ്ങളുണ്ടോ എന്ന ആശങ്കയാണ് ഈ സാഹചര്യത്തിൽ ആരോഗ്യ വിദഗ്ധർ പങ്കുവെക്കുന്നത്.
രോഗാണുവാഹകർ വവ്വാലുകളാണെങ്കിലും ഇവയിൽ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് രോഗം പകരാനുള്ള സാദ്ധ്യത അപൂർവമാണ്. 2018ലും 2019ലും 2021ലും രോഗബാധ ഉണ്ടായപ്പോൾ പൊതുഉറവിടം ഉണ്ടായിരുന്നു. വ്യാപനം ഉണ്ടായതാകട്ടെ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കും.
എന്നാൽ, ഒരേ സമയം രണ്ട് ഉറവിടങ്ങൾ എന്നത് വെല്ലുവിളി ഉയർത്തുന്ന സാഹചര്യമാണ് എന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രോഗം ബാധിച്ച രണ്ട് പേരും തമ്മിൽ എന്തെങ്കിലും തരത്തിൽ സമ്പർക്കത്തിൽ വരുന്നതാണ് സാധാരണ കാണപ്പെടുന്ന രീതിയെന്ന് നിപയുമായി ബന്ധപ്പെട്ടുള്ള പഠനങ്ങൾ വിശദീകരിക്കുന്നു.
ഈ വർഷം രോഗം ബാധിച്ചവരിൽ ഒന്നാമത്തെയാൾ കോഴിക്കോട് ജില്ലയിലെ മരുതോങ്കര പഞ്ചായത്തിലെ 47 വയസുകാരനും രണ്ടാമത്തെയാൾ വടകര ആയഞ്ചേരിയിലെ 40 വയസുകാരനുമാണ്. ഇരുവരും തമ്മിൽ സമ്പർക്കത്തിൽ വരാനുള്ള യാതൊരു സാദ്ധ്യതയുമില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. വെവ്വേറെ ആശുപത്രികളിലായിരുന്നു ഇരുവരും ചികിത്സ തേടിയതും. ആദ്യത്തെ മരണം നടന്നത് ഓഗസ്റ്റ് 30നും രണ്ടാമത്തേത് സെപ്റ്റംബർ 11നുമായിരുന്നു.
കാലാകാലങ്ങളായി ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ആരോഗ്യ പ്രവർത്തകരെ പലപ്പോഴും ആശയക്കുഴപ്പത്തിലാക്കി വരുന്ന ഒരു വൈറസ് ബാധയാണ് നിപ. കേരളത്തിലെ രോഗവാഹകർ പഴവവ്വാലുകൾ ആണെന്ന നിഗമനമുണ്ടെങ്കിലും മനുഷ്യരിലേക്ക് രോഗം പടർന്നതിന്റെ വ്യക്തമായ കാരണം ഊഹാപോഹങ്ങൾക്കപ്പുറം അജ്ഞാതമാണ്. മലേഷ്യയിലും ബംഗ്ലാദേശിലും മൃഗങ്ങളുമായി രോഗബാധയേറ്റവർ സമ്പർക്കത്തിൽ വന്നതിന്റെ വ്യക്തമായ രൂപരേഖ ഉണ്ടെങ്കിലും, കേരളത്തിൽ അത്തരത്തിൽ ഒന്ന് നിലവിലില്ല.
സ്ഥിരമായി കോഴിക്കോട് മേഖലയിൽ രോഗബാധ ഉണ്ടാകുന്നതിന്റെ കാരണവും വ്യക്തമല്ല. രോഗാണുവിനെ വഹിക്കാൻ ശേഷിയുള്ള പഴമുണ്ണികൾ (വവ്വാലുകൾ) സംസ്ഥാനത്തെ പത്ത് ജില്ലകളിൽ ഉള്ളപ്പോഴാണ് പ്രധാനമായും കോഴിക്കോട് മാത്രം രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രോഗത്തെ കൃത്യമായി നേരിടണമെങ്കിൽ അതിന്റെ അടിസ്ഥാന കാരണം വ്യക്തമായേ പറ്റൂ എന്നതാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. ഇതിന് അനുമാനങ്ങൾക്ക് അപ്പുറത്തേക്ക് നമുക്ക് പോയേ മതിയാകൂവെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Discussion about this post