പശ്ചിമ ബംഗാളിലെ സുന്ദർബൻസ് കണ്ടൽക്കാടുകളുടെ തീരത്തെ മത്സ്യത്തൊഴിലാളികളുടെ പേടി സ്വപ്നമായ ഒരു നിഗൂഢ വെളിച്ചമുണ്ട്. അലേയ പ്രേതവെളിച്ചം എന്നാണ് ഈ ദുരൂഹമായ വെളിച്ചങ്ങൾ അറിയപ്പെടുന്നത്. നിസ്സാരമെന്ന് കരുതുന്ന ഈ വെളിച്ചങ്ങൾ നിരവധി പേരുടെ മരണത്തിനാണ് ഇടയാക്കിയിട്ടുള്ളത്. ബംഗാളിൽ സുന്ദർബൻസ് മേഖലയിലെ ചതിപ്പുനിലങ്ങളിലാണ് ഈ വിചിത്ര പ്രതിഭാസം കാണപ്പെടാറുള്ളത്.
രാത്രികാലങ്ങളിൽ ചെറിയ വഞ്ചികളിൽ മത്സ്യബന്ധനത്തിന് പോകുന്നവരാണ് പലപ്പോഴും ഈ പ്രേതവെളിച്ചത്തിന്റെ ഇരയായി മരണപ്പെട്ടിട്ടുള്ളത്. ഈ പ്രദേശത്ത് വെച്ച് ജീവൻ നഷ്ടപ്പെട്ടുപോയ മത്സ്യത്തൊഴിലാളികളുടെ ആത്മാക്കളാണ് ഈ വെളിച്ചമായി മനുഷ്യരെ അങ്ങോട്ട് ആകർഷിക്കുന്നതെന്നാണ് ഇവിടുത്തെ ജനങ്ങൾക്കിടയിലുള്ള വിശ്വാസം. തോണിയിൽ മത്സ്യബന്ധനം നടത്തുന്നതിനിടയിൽ വിചിത്രമായ ചില വെളിച്ചങ്ങൾ കാണുകയും അങ്ങോട്ട് തോണി തിരിക്കുന്നവർ ഒടുവിൽ അഗാധമായ ചതുപ്പിലേക്ക് മുങ്ങി പോകുകയുമാണ് ഇവിടെ സംഭവിക്കുന്നത്.
ബംഗ്ലാദേശിലെ ബലേശ്വർ നദീതീരം മുതൽ ഇന്ത്യയിലെ പശ്ചിമ ബംഗാളിലെ ഹൂഗ്ലി നദിയുടെ തീരം വരെ വ്യാപിച്ചുകിടക്കുന്ന കണ്ടൽക്കാടുകളാണ് സുന്ദർബൻസ് . ഇടതൂർന്നതും അല്ലാത്തതുമായ കണ്ടൽ കാടുകളും ചില തരിശായ പ്രദേശങ്ങളും ചെളിക്കുളങ്ങൾ , ശുദ്ധജലചതുപ്പുകൾ എന്നിവയെല്ലാം അടങ്ങിയതാണ് ഈ പ്രദേശം. ഇവിടെ ചെറിയ തോണികളിൽ മത്സ്യബന്ധനം നടത്തുന്നവർ നിരവധിയാണ്. പ്രത്യേകിച്ചും രാത്രികാലങ്ങളിലാണ് ഇത്തരം മത്സ്യത്തൊഴിലാളികൾ ജോലിക്കായി ഇറങ്ങുന്നത്. ഇവിടുത്തെ ചതുപ്പുകൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാത്ത രീതിയിലുള്ളതാണ്. തീരത്തോട് ചേർന്ന് പോലും താഴ്ന്ന ചതിപ്പുകൾ ഇവിടെ കാണാൻ കഴിയുന്നതാണ്. അതിനാൽ തന്നെ രാത്രികാലങ്ങളിൽ വളരെ പേടിയോടെയാണ് ഇവിടുത്തെ മത്സ്യത്തൊഴിലാളികൾ ഉപജീവനമാർഗ്ഗം തേടി ഇറങ്ങുന്നത്.
ഈ കണ്ടൽക്കാടുകളിൽ രാത്രികാലങ്ങളിൽ ഉണ്ടാകുന്ന ഒരു പ്രതിഭാസമാണ് അലേയ പ്രേത വെളിച്ചം എന്നറിയപ്പെടുന്നത്. മങ്ങിയതും ചിലപ്പോൾ വിവിധ നിറങ്ങളിൽ ഉള്ളതും ഒരു പന്തിനോളം വലിപ്പം ഉള്ളവയുമാണ് ഈ വെളിച്ചങ്ങൾ എന്നാണ് പറയുന്നത്. പ്രേത വെളിച്ചം എന്നാണ് പേരെങ്കിലും പ്രാദേശിക വിശ്വാസമായ പ്രേതവും ആത്മാവും ആയൊന്നും ഈ വെളിച്ചങ്ങൾക്ക് യാതൊരു ബന്ധവുമില്ല. അന്തരീക്ഷത്തിലെ മീഥേൻ വാതകത്തിന്റെ അയോണൈസേഷനാണ് ഈ പ്രേതവെളിച്ചമെന്ന പ്രതിഭാസം സൃഷ്ടിക്കപ്പെടുന്നതിനുള്ള കാരണമായി കണക്കാക്കുന്നത്. ഫോസ്ഫിൻ , ഡിഫോസ്ഫെയ്ൻ , മീഥേൻ എന്നിവയുടെ ഓക്സിഡേഷൻ നടക്കുമ്പോഴാണ് ഈ പ്രേത വെളിച്ചങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ഓർഗാനിക് ഡിഗ്രേഡേഷൻ വഴി രൂപം കൊള്ളുന്ന ഈ രാസവസ്തുക്കൾ ഫോട്ടോൺ ഉദ്വമനത്തിന് കാരണമാകുന്നതാണ്. അതുവഴി ഫോസ്ഫൈനും ഡൈഫോസ്ഫേറ്റും സ്വയം കലരുകയും വായുവിലെ ഓക്സിജനുമായി സമ്പർക്കം ഉണ്ടാവുകയും ചെയ്യുമ്പോൾ കത്തിപ്പിടിക്കുന്നതാണ് ഈ പ്രേത വെളിച്ചങ്ങൾ സൃഷ്ടിക്കപ്പെടാനുള്ള കാരണം.
Discussion about this post