തിരുവനന്തപുരം : ബസ് സ്റ്റോപ്പിൽ വെച്ച് വിദ്യാർത്ഥിനിയോട് പ്രണയാഭ്യർത്ഥന നടത്തുകയും ശല്യം ചെയ്യുകയും ചെയ്ത രണ്ടുപേർ അറസ്റ്റിലായി. തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം. ബസ് കാത്തുനിന്ന വിദ്യാർഥിനിയെ ബൈക്കിൽ എത്തിയ രണ്ടു പേരാണ് ശല്യപ്പെടുത്തിയത്. സംഭവം പെൺകുട്ടി വീട്ടിൽ അറിയിച്ചതോടെ വീട്ടുകാർ പരാതി നൽകുകയായിരുന്നു.
കഴിഞ്ഞമാസം ആയിരുന്നു ബസ് കാത്തുനിന്നിരുന്ന വിദ്യാർത്ഥിനിയെ ബൈക്കിൽ എത്തിയ രണ്ടംഗസംഘം ശല്യം ചെയ്യുകയും പ്രണയാഭ്യർത്ഥന നടത്തുകയും ചെയ്തത്. ബസ് സ്റ്റോപ്പിൽ ബൈക്ക് നിർത്തിയ ശേഷം ഇവരിലൊരാൾ പെൺകുട്ടിക്ക് അടുത്തെത്തി പ്രണയാഭ്യർത്ഥന നടത്തി. ഒഴിഞ്ഞുമാറി പോകാൻ ശ്രമിച്ച പെൺകുട്ടിയെ ഇയാൾ കൈയിൽ കയറിപ്പിടിച്ച് തടയുകയും ചെയ്തു. വീട്ടിലെത്തിയ പെൺകുട്ടി നടന്ന സംഭവം വീട്ടുകാരെ അറിയിക്കുകയായിരുന്നു.
വീട്ടുകാർ പരാതി നൽകിയതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും വാഹനവും ഓടിച്ചിരുന്ന ആളുകളെയും കണ്ടെത്തി. തുടർന്ന് രണ്ടാം പ്രതിയായ മുള്ളിൽവിള സ്വദേശി അഖിലിനെ പോലീസ് അറസ്റ്റ് ചെയ്തു. അഖിൽ അറസ്റ്റിലായതറിഞ്ഞ് ഒന്നാം പ്രതിയായ അനു ഒളിവിൽ പോയെങ്കിലും പോലീസ് ഇയാളെയും പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Discussion about this post