തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നാല് ഐടി ഫെലോകളെ നിയമിക്കാനൊരുങ്ങുന്നു. ടാലന്റ്, അടിസ്ഥാന സൗകര്യവികസനവും നിക്ഷേപവും, ബ്രാൻഡിംഗ് ആൻഡ് മാർക്കറ്റിംഗ്, സ്റ്റാർട്ടപ്പുകളും എസ്എംഇകളും എന്നീ മേഖലകളിലായിരിക്കും നിയമനങ്ങൾ നടത്തുന്നത്. നാല് നിയമനങ്ങളും എത്രയും വേഗം നടത്തണമെന്നാവശ്യപ്പെട്ട് ടെക്‌നോപാർക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറക്കി.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഒരു ഐടി ഫെലോ മാത്രമാണ് ഉണ്ടായിരുന്നത്. സ്വർണക്കടത്ത് കേസ് വന്നപ്പോൾ ഇയാൾക്കെതിരെയും ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു. പിന്നാലെ ഇയാളെ ഒഴിവാക്കിയെങ്കിലും, ഇയാളെ പുതിയതായി നിയമിക്കുന്ന ഒരാളായി തിരികെ കൊണ്ടു വരാൻ ശ്രമിക്കുന്നുവെന്നും ആരോപണം ഉയരുന്നുണ്ട്.
ഓരോ മേഖലയിലേയും വിദഗ്ധരെ ഉൾപ്പെടുത്തി രൂപീകരിച്ച ഹൈപവർ ഐടി കമ്മിറ്റിയെ സഹായിക്കുകയാണ് ഫെലോകളുടെ ചുമതല. കമ്മിറ്റികളുടെ തീരുമാനം അനുസരിച്ചാണ് ഫെലോകളെ നിയമിക്കുന്നതെന്നും സർക്കാരിന്റെ ഉത്തരവിൽ പറയുന്നു. ഫെലോകളായി നിയമനം ലഭിക്കുന്ന ഓരോരുത്തർക്കും ശമ്പളവും ആനുകൂല്യങ്ങളും ഉൾപ്പെടെ രണ്ട് ലക്ഷത്തോളം രൂപ ലഭിക്കുമെന്നാണ് വിവരം.
Discussion about this post