ജയ്പൂർ: രാജസ്ഥാനിൽ കരുത്ത് ഉയർത്തി ബിജെപി. മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥരും കോൺഗ്രസ് നേതാക്കളുമടക്കം 16 പേർ ബിജെപിയിൽ ചേർന്നു. ഇന്നലെയായിരുന്നു ഇവർ ബിജെപി അംഗത്വം സ്വീകരിച്ചത്.
രാജസ്ഥാനിലെ ബിജെപി ആസ്ഥാനത്ത് എത്തിയായിരുന്നു ഇവർ ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സിപി ജോഷി ഇവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. മുതിർന്ന ബിജെപി നേതാക്കൾ ഉൾപ്പെടെ ചടങ്ങിന് എത്തിയിരുന്നു. കേന്ദ്ര മന്ത്രി വി.കെ സിംഗും പരിപാടിയിൽ പങ്കെടുത്തു. മുൻ എംഎൽഎമാരായ കിഷ്ണ റാം നായ്, ഛോട്ടാലാൽ സൈനി, മുൻ എൻഎസ്യുഐ ധോൽപൂർ പ്രസിഡന്റ് സഞ്ജീവ് ഗെഹ്ലോട്ട്, റിട്ടയേഡ് അഡീഷണൽ കമ്മീഷണർ ഓഫ് ട്രാൻസ്പോർട്ട് കമ്മീഷണർ രാജീവ് കുമാർ വർമ, റിട്ട. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കാശിറാം ചൗഹാൻ, കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയും ബ്ലോക്ക് പ്രസിഡന്റുമായിരുന്ന ബിർദിചന്ദ് ശർമ, ബിഎസ്പിയുടെ മുകുൾ ചൗധരി എന്നിവരും ബിജെപി അംഗത്വം സ്വീകരിച്ചവരിൽ ഉൾപ്പെടുന്നു.
കോൺഗ്രസിന്റെ ഭരണത്തിൽ ജനങ്ങൾ മടുത്തുവെന്ന് സി.പി ജോഷി പറഞ്ഞു. ജനങ്ങൾക്കിടയിൽ ഭരണ വിരുദ്ധ വികാരം മുളപൊട്ടിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് വേളയിൽ നൽകിയ വാഗ്ദാനങ്ങൾ ഒന്നും തന്നെ പാലിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്ന് കേന്ദ്രമന്ത്രി വി.കെ സിംഗ് വ്യക്തമാക്കി. സംസ്ഥാനത്തെ ഏറ്റവും വലിയ പ്രശ്‌നമായ തൊഴിലില്ലായ്മയുൾപ്പെടെ പരിഹരിക്കുമെന്നായിരുന്നു കോൺഗ്രസിന്റെ വാഗ്ദാനം. എന്നാൽ ഇതൊന്നും പൂർത്തീകരിക്കാൻ സർക്കാരിന് കഴിഞ്ഞില്ല. യുവാക്കളെ കോൺഗ്രസ് വഞ്ചിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post