കുറുക്കന്റെ കണ്ണ്, കാക്കയുടെ കണ്ണ്, കഴുകന്റെ കണ്ണ് എന്നൊക്കെയുള്ള വിശേഷണങ്ങൾ ചിലരുടെ കണ്ണുകൾക്ക് നമ്മൾ നൽകാറുണ്ട്. ആളുടെ സ്വഭാവത്തെ കൂടി കരുതിയാണ് ഇത്തരം വിശേഷണങ്ങൾ നൽകുന്നത്. ഒരാളുടെ കണ്ണുകൾ അയാളുടെ സ്വഭാവത്തെയും പ്രകൃതിയേയും നിശ്ചയിക്കാറുണ്ടോ എന്ന ചോദ്യം കാലങ്ങളായി ചർച്ച ചെയ്യുന്നതാണ്. ശാസ്ത്രീയമായി കൃത്യമായ ഉത്തരങ്ങൾ ലഭ്യമല്ലെങ്കിലും ഒരാളുടെ കണ്ണുകൾ അയാളുടെ സ്വഭാവത്തെ നിർണയിക്കുമെന്നതിനെപ്പറ്റി പല വിശദീകരണങ്ങളും വിശകലനങ്ങളും ഇന്ന് ലഭ്യമാണ്. അതിൽ ചിലത് രസകരവുമാണ്.
പൊതുവെ ആറ് ആകൃതികളിലുള്ള കണ്ണുകൾ ഉണ്ടെന്നാണ് നിരീക്ഷണം. വൃത്താകൃതിയിലുള്ള കണ്ണുകൾ അഥവാ നമ്മുടെ ഭാഷയിൽ പറഞ്ഞാൽ ഉണ്ടക്കണ്ണുകൾ, കിഴക്കേ ഏഷ്യയിൽ പൊതുവെ കാണപ്പെടുന്ന കണ്ണുകളായ മോണോലിഡ് കണ്ണുകൾ, ഹൂഡഡ് കണ്ണുകൾ, മുകളിലോട്ട് തിരിഞ്ഞ കണ്ണുകൾ, താഴോട്ട് തിരിഞ്ഞ കണ്ണുകൾ, ബദാം ആകൃതിയിലുള്ള കണ്ണുകൾ എന്നിവയാണവ. ഇതിൽ ഓരോ വിഭാഗത്തിൽ പെടുന്ന കണ്ണുകൾ ഉള്ളവരുടെ സ്വഭാവ സവിശേഷതകൾ നമുക്ക് നോക്കാം.
വൃത്താകൃതിയിലുള്ള കണ്ണുകൾ – ഉണ്ടക്കണ്ണുകൾ
നോക്കിപ്പേടിപ്പിക്കുന്നോ ഉണ്ടക്കണ്ണീ എന്ന സിനിമ ഡയലോഗ് കേൾക്കാത്തവരായി ഒരു മലയാളിയുമുണ്ടാകില്ല. കണ്ണുകൾ ഉണ്ടയാണെങ്കിലും പേടിപ്പിക്കുന്ന സ്വഭാവ സവിശേഷതകളുള്ളവരല്ല ഉണ്ടക്കണ്ണുകാർ. വൃത്താകൃതിയിലുള്ള കണ്ണുകൾ അഥവാ ഉണ്ടക്കണ്ണുകൾ ഉള്ളവർ നല്ല സൗഹൃദ മനസ്ഥിതിയുള്ളവരും നന്നായി ഇടപെടുന്നവരുമാണ്. നല്ല ദയയും സഹാനുഭൂതിയുമുള്ളവരാണ്. നിങ്ങൾ കലാപരമായ കഴിവുകളുള്ളവരും അതിനൊപ്പം തന്നെ വൈകാരികമായി ഇടപെടുന്നവരും ആയിരിക്കും.
മോണോലിഡ് കണ്ണുകൾ
മോണോലിഡ് കണ്ണുകൾ ഉള്ളവർക്ക് ആത്മവിശ്വാസവും നിലപാടുകളിൽ ഉറപ്പും ഉണ്ടായിരിക്കും. പ്രതിസന്ധികളെ ഇക്കൂട്ടർ കരുത്തോടെ നേരിടും. വെല്ലുവിളികളെ തൃണവൽഗണിച്ച് മുന്നോട്ടുപോകും. ആന്തരിക ശക്തിയുടെ ജ്വലിക്കുന്ന പ്രതിഫലനമായിരിക്കും നിങ്ങളുടെ കണ്ണുകൾ. മുന്നോട്ട് എന്നതല്ലാതെ പിന്തിരിഞ്ഞ് പോകുന്ന ശീലം മോണോലിഡ് കണ്ണുകളുള്ളവർക്കുണ്ടാകില്ല.
ഹൂഡഡ് കണ്ണുകൾ
ഹൂഡഡ് കണ്ണുകൾ അഥവാ മൂടിക്കെട്ടിയ കണ്ണുകളുള്ളവർക്ക് ഒരു നിഗൂഢമായ ആകർഷണ ശക്തിയുണ്ട്. അറിവുകളുടെ അഗാധത നിങ്ങളുടെ കണ്ണുകളിൽ കാണാം. ശാന്തവും അഗാധവുമായ സമുദ്രത്തെ പോലെയാണ് നിങ്ങൾ. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ സ്വതസിദ്ധമായ ശൈലിയിൽ കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് കഴിയും.
മുകളിലേക്ക് തിരിഞ്ഞ കണ്ണുകൾ
മുകളിലേക്ക് തിരിഞ്ഞ കണ്ണുകളുള്ളവർ എപ്പോഴും പോസിറ്റീവായിർക്കും. ഉന്മേഷദായകമായ പെരുമാറ്റം നിങ്ങളുടെ പ്രത്യേകതയാണ്. വ്യക്തിത്വവും തുറന്ന മനസ്സുമുള്ള നിങ്ങളിലേക്ക് ഒരുപാട് പേർ ആകർഷിക്കപ്പെടുന്നു. എത്ര ഇരുണ്ട ദിവസങ്ങളിലും നിങ്ങൾ പ്രകാശമാനമായ സാഹചര്യം സൃഷ്ടിക്കും. സാഹസികത കൊണ്ട് വിസ്മയം സൃഷ്ടിക്കാൻ കഴിവുള്ളവരാണ് നിങ്ങളെന്നതും മറ്റൊരു പ്രത്യേകതയാണ്.
താഴേക്ക് തിരിഞ്ഞ കണ്ണുകൾ
താഴോട്ട് തിരിഞ്ഞ കണ്ണുകളുള്ളവർ ചിന്താശീലമുള്ളവരും ഉൾക്കാഴ്ച്ചയുള്ള നിരീക്ഷണമുള്ളവരുമാണ്. കാര്യങ്ങളെ സമഗ്രമായി വിശകലനം ചെയ്യാനുള്ള കഴിവ് നിങ്ങളെ വ്യത്യസ്തരാക്കുന്നു. ജീവിതത്തിലെ പ്രതിബന്ധങ്ങളെ അറിവും വിശകലന സ്വഭാവവും കൊണ്ട് ശാന്തമായി മറികടക്കാൻ നിങ്ങൾക്ക് കഴിയും.
ബദാം കണ്ണുകൾ
ബദാം പോലെ കണ്ണുള്ളവർ അവരുടെ കണ്ണുകളുടെ മനോഹാരിത കൊണ്ടു തന്നെ ശ്രദ്ധേയരാകും. എപ്പോഴും വഴക്കമുള്ളവരും സമയോചിതമായി പ്രതികരിക്കുന്നവരുമായിരിക്കും നിങ്ങൾ. മാറിക്കൊണ്ടിരിക്കുന്ന ജീവിത സാഹചര്യങ്ങളെ ആഘോഷമാക്കുന്ന നിങ്ങൾക്ക് എവിടെയും ജീവിച്ചു പോകാനുള്ള കഴിവുകളുണ്ട്. പൊതുവെ കൂൾ ആയിരിക്കും ബദാം ആകൃതിയിൽ കണ്ണുള്ളവർ. ഏത് കാര്യവും ശ്രദ്ധയോടെ മാത്രം കാണുന്ന നിങ്ങൾ ജാഗരൂകതയുടെ മികച്ച ഉദാഹരണമായിരിക്കും .
Discussion about this post