റായ്പുർ : ഛത്തീസ്ഗഢിൽ നടന്ന ഒരു റാലിയിൽ വച്ച് സംസ്ഥാനത്ത് ജി20 ഉച്ചകോടി നടത്തിയതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ വാക്കുകൾ ഇപ്പോൾ വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. ഛത്തീസ്ഗഢിൽ അങ്ങനെയൊരു സംഭവം നടന്നിട്ടേ ഇല്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. മോദി അബദ്ധം വിളിച്ചു പറഞ്ഞതാണെന്നാണ് കോൺഗ്രസ് വാദിക്കുന്നത്.
ഛത്തീസ്ഗഢ് കോൺഗ്രസിന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ വഴിയാണ് പ്രധാനമന്ത്രി കള്ളം പറഞ്ഞു എന്ന രീതിയിൽ വലിയ പ്രചാരണം നടന്നിരുന്നത്. “രാജ്യത്തിന്റെ പ്രധാനമന്ത്രി ഛത്തീസ്ഗഡിൽ വന്ന് കള്ളം പറഞ്ഞു പോയി,” എന്ന തലക്കെട്ട് മോദിയുടെ പ്രസംഗത്തിൽ നിന്നുള്ള ഒരു ക്ലിപ്പ് കൂടി ചേർത്തായിരുന്നു പ്രചരിപ്പിക്കപ്പെട്ടിരുന്നത്. ഛത്തീസ്ഗഢിൽ നടന്ന റാലിയിൽ സംസ്ഥാനത്ത് ജി20 ഉച്ചകോടി നടത്തിയതിനെക്കുറിച്ച് പ്രധാനമന്ത്രി പ്രസംഗിക്കുന്ന ഭാഗമായിരുന്നു ഈ വീഡിയോയിൽ ഉണ്ടായിരുന്നത്.
ഈ വിവാദത്തിലെ വസ്തുത എന്തെന്ന് മാദ്ധ്യമങ്ങൾ പരിശോധിച്ചപ്പോഴാണ് ഛത്തീസ്ഗഢ് കോൺഗ്രസിന്റേത് വസ്തുതാ വിരുദ്ധമായ പ്രസ്താവനയാണെന്ന് കണ്ടെത്തിയത്. ഫെബ്രുവരി 25 ന് റായ്പൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ കേന്ദ്രമന്ത്രി അനുരാഗ് സിംഗ് താക്കൂറടക്കം പങ്കെടുത്ത രണ്ട് ദിവസത്തെ വൈ 20 കൺസൾട്ടേഷൻ പരിപാടി നടന്നതായി കണ്ടെത്തി. ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടിയാണ് വൈ 20 മീറ്റിങ്ങുകൾ എന്ന് കോൺഗ്രസിന് അറിയാത്തതാണോ എന്നാണ് സംസ്ഥാനത്തെ ബിജെപി ചോദിക്കുന്നത്. സംസ്ഥാനത്ത് നടക്കുന്ന കാര്യങ്ങളിലൊന്നും കോൺഗ്രസ് ശ്രദ്ധ പുലർത്തുന്നില്ലെന്നുള്ളതാണ് വസ്തുത എന്നാണ് ഇപ്പോൾ ഛത്തീസ്ഗഢിലെ മാദ്ധ്യമങ്ങളടക്കം പറയുന്നത്.
Discussion about this post