ന്യൂഡൽഹി: സനാതന ധർമ്മത്തിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ഡിഎംകെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ വിമർശനവുമായി ഡൽഹി ഹജ് കമ്മിറ്റി ചെയർപേഴ്സൺ കൗസർ ജഹാൻ. എങ്ങനെയാണ് ഒരു വ്യക്തിക്ക് ഇത്തരത്തിൽ പരാമർശങ്ങൾ നടത്താൻ സാധിക്കുന്നതെന്ന് കൗസർ ജഹാൻ ചോദിക്കുന്നു. ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശത്തെ അതിശക്തമായി തന്നെ എതിർക്കുകയാണെന്നും കൗസർ ജഹാൻ വ്യക്തമാക്കി.
ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയിൽ മൗനം പാലിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഇൻഡി സഖ്യത്തിനെതിരെയും രൂക്ഷ വിമർശനമാണ് ഉയരുന്നത്. സോണിയയും രാഹുൽ ഗാന്ധിയും സനാതന ധർമ്മത്തെ അവഹേളിക്കുക എന്ന തങ്ങളുടെ അജണ്ട ഡിഎംകെയ്ക്കും ഇൻഡി സഖ്യത്തിനും കൈമാറിയെന്ന് ബിജെപി അദ്ധ്യക്ഷൻ ജെ.പി നദ്ദ ആരോപിച്ചു. മുംബൈയിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ വച്ച് സനാതന ധർമ്മത്തെ അവഹേളിക്കുകയും അനാദരിക്കുകയും ചെയ്യുക എന്ന അജണ്ട ഡിഎംകെയ്ക്കും മറ്റ് പാർട്ടികൾക്കും അമ്മയും മകനും കൈമാറിയിരിക്കുകയാണ്. യഥാർത്ഥത്തിൽ ഇത് സോണിയയുടേയും രാഹുലിന്റേയും അജണ്ടയാണെന്നും അദ്ദേഹം വിമർശിച്ചു.
ഇൻഡിയ സഖ്യം മുംബൈയിൽ യോഗം ചേർന്നതിന് തൊട്ടുപിന്നാലെയാണ് ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തെ അവഹേളിച്ച് പരാമർശങ്ങൾ നടത്തിയത്. കർണാടക സർക്കാരിലെ മന്ത്രിയും കോൺഗ്രസ് അദ്ധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെയുടെ മകനും സനാതന ധർമ്മത്തെ മോശമാക്കി സംസാരിച്ചു. പിന്നാലെ തമിഴ്നാട്ടിൽ നിന്നുള്ള മറ്റൊരു മന്ത്രിയും ഹിന്ദു വിശ്വാസങ്ങളെ അവഹേളിച്ച് സംസാരിച്ചു. ഇതിൽ നിന്ന് നമ്മൾ എന്താണ് മനസ്സിലാക്കേണ്ടത്? സോണിയയും രാഹുലും ഇതിനെയെല്ലാം നിശബ്ദം പിന്തുണയ്ക്കുകയാണെന്നും ജെ.പി.നദ്ദ പറഞ്ഞു.
Discussion about this post