ചലച്ചിത്ര അവാർഡ് വേദിയിൽ വിവാദ പരാമർശം നടത്തിയ നടൻ അലൻസിയറിനെതിനെതിരെ വിമർശനം ശക്തമാവുകയാണ്. പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കരുത് എന്നും, സ്ത്രീരൂപമുള്ള പ്രതിമ മാറ്റി ആൺകരുത്തുള്ള ശിൽപ്പമാക്കണമെന്നുമാണ് അലൻസിയർ പറഞ്ഞത്. ഇതിനെതിരെ നടി രചന നാരായണകുട്ടി പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ഡിജി ആർട്‌സിന്റെ ചിത്രമാണ് രചന പങ്കുവെച്ചിരിക്കുന്നത്. നാല് പെൺ പ്രതിമകൾക്ക് നടുവിൽ ഒരു ആൺ പ്രതിമ നിൽക്കുന്ന ചിത്രമാണത്. കേരള സ്റ്റേറ്റ് ഫിലിം അവാർഡ് എന്ന തലക്കെട്ടോടെയുള്ള ചിത്രമാണിത്.
”എന്തൊരു നല്ല പ്രതിമ അല്ലെ …. അയ്യോ പ്രതിമ അല്ല പ്രതിഭ ! DigiArts ന്റെ കലാപ്രതിഭക്ക് ആശംസകൾ. അലൻസിയർ ലേ ലോപസിന് ഈ ‘പ്രതിഭ’ മതിയാകുമോ എന്തോ! ” രചന നാരായണൻകുട്ടി കുറിച്ചു.
പരാമർശം വിവാദമായതോടെ വിശദീകരണവുമായി അലൻസിയർ രംഗത്തെത്തിയിരുന്നു. ആൺകരുത്തുള്ള മുഖ്യമന്ത്രിയോടാണ് ആൺ പ്രതിമ ആവശ്യപ്പെട്ടത് എന്നും പ്രത്യേക ജൂറി പരാമർശം നൽകി അപമാനിക്കരുത് എന്നുമാണ് അലൻസിയർ പറഞ്ഞത്. സ്ത്രീവിരുദ്ധ പരാമർശം അല്ല നടത്തിയത് എന്നും, പ്രസ്താവന പിൻവലിക്കില്ലെന്നും നടൻ വ്യക്തമാക്കിയിരുന്നു.
Discussion about this post