റായ്പൂർ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ച് കോൺഗ്രസ് നേതാവ്. ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ടിഎസ് സിംഗ് ദേവ് ആണ് വാനോളം പുകഴ്ത്തിക്കൊണ്ട് ശ്രദ്ധ നേടുന്നത്. ഛത്തീസ്ഗഡിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വേദി പങ്കിട്ട ഒരു പരിപാടിയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രശംസാ വാക്കുകൾ. തനിക്ക് പക്ഷപാതം ഇല്ലെന്നും മോദി ധാരാളം നല്ല കാര്യങ്ങൾ ചെയ്തിട്ടുള്ളതിനെ താൻ അഭിനന്ദിക്കും എന്നും ടിഎസ് സിംഗ് ദേവ് വ്യക്തമാക്കി.
“ഛത്തീസ്ഗഡിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വളരെയേറെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. രാജ്യം വികസിക്കുന്നതോടൊപ്പം സംസ്ഥാനങ്ങളും വികസിക്കണം എന്ന് ആഗ്രഹിക്കുന്ന നേതാവാണ് മോദി. ഛത്തീസ്ഗഡ് സഹായം ആവശ്യപ്പെട്ടപ്പോഴൊക്കെ കേന്ദ്രസർക്കാർ സഹായിച്ചിട്ടുണ്ട്. ഭാവിയിലും അത് തുടരുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. രാജ്യത്തിന്റെ സമ്പൂർണ്ണ വികസനത്തിനായി സംസ്ഥാനവും കേന്ദ്രവും ഒരുമിച്ചു മുന്നോട്ട് പോകണം,” ടിഎസ് സിംഗ് ദേവ് വ്യക്തമാക്കി.
ഛത്തീസ്ഗഡിനായുള്ള 6,400 കോടിയിലധികം രൂപയുടെ റെയിൽവേ പദ്ധതികൾ അനാച്ഛാദനം ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി സംസ്ഥാനത്ത് എത്തിയിരുന്നത്. ഛത്തീസ്ഗഡിലെ ഒമ്പത് ജില്ലകളിൽ ‘ക്രിട്ടിക്കൽ കെയർ ബ്ലോക്കുകൾക്ക്’ പ്രധാനമന്ത്രി തറക്കല്ലിട്ടു. 1 ലക്ഷം സിക്കിൾ സെൽ കൗൺസിലിംഗ് കാർഡുകളും പ്രധാനമന്ത്രി വിതരണം ചെയ്തു. മറ്റ് നിരവധി പ്രധാന പദ്ധതികളും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post