ചെന്നൈ: വെറുപ്പിന്റെ വിത്തുകൾ പാകിയ ഇൻഡി സഖ്യത്തിന് ഇനി കൊയ്ത്തുകാലെമെന്ന് ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ അണ്ണമാലൈ. സനാതന ധർമ്മത്തിനെതിരെ അന്ധമായ വിദ്വേഷ പ്രചാരണം നടത്തിയ ഇൻഡി സഖ്യം രാജ്യത്ത് ഒറ്റപ്പെടുകയാണ്. മദ്ധ്യപ്രദേശിലെ റാലി റദ്ദാക്കേണ്ടി വന്നത് ഒരു തുടക്കം മാത്രമാണ്. സനാതന ധർമ്മത്തെ കുറിച്ച് ഒരക്ഷരം ഇനി മിണ്ടരുതെന്ന് ഡിഎംകെ നേതാക്കളോട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഒടുവിൽ പറയേണ്ടി വന്നിരിക്കുകയാണെന്നും അണ്ണാമലൈ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ രണ്ട് വർഷമായി ഇൻഡി സഖ്യത്തിലെ പാർട്ടികൾ സനാതന ധർമ്മത്തിനെതിരെ സംഘടിതമായി ആക്രമണം നടത്തുകയാണ്. ഇത് ഒരു വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും അണ്ണാമലൈ പറഞ്ഞു.
ഹിന്ദു മതത്തിന്റെ അടിസ്ഥാന തത്വമായ സനാതന ധർമ്മത്തെ ഈ പുണ്യഭൂമിയിൽ നിന്നും ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സ്വാർത്ഥമായ രാഷ്ട്രീയ താത്പര്യങ്ങൾക്ക് വേണ്ടി രൂപം കൊണ്ട ഇൻഡി സഖ്യം ഇതിന്റെ നേതൃത്വം ഏറ്റെടുത്തിരിക്കുകയാണ്.
എന്നാൽ ഇന്ന് മദ്ധ്യപ്രദേശിൽ ഇൻഡി സഖ്യം നടത്താനിരുന്ന സംയുക്ത റാലി അവർക്ക് റദ്ദാക്കേണ്ടി വന്നിരിക്കുന്നു. കാരണം രാജ്യത്തെ ജനങ്ങൾക്ക് അവരുടെ അജണ്ട മനസ്സിലായിരിക്കുന്നു.
2022 ഏപ്രിൽ മാസത്തിൽ തമിഴ്നാട്ടിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം സനാതന ധർമ്മത്തെ വിഷലിപ്തം എന്ന് വിശേഷിപ്പിച്ചു. അതേവർഷം ജൂലൈ മാസത്തിൽ തൃണമൂൽ കോൺഗ്രസ് എം പി മഹുവ മൊയിത്ര മഹാകാളിയെ മദ്യപാനിയും മാംസഭോജിയുമായ ദേവത എന്ന് വിശേഷിപ്പിച്ചു.
പിന്നീട് ഭാരത് ജോഡോ യാത്ര നടത്തിയ രാഹുൽ ഗാന്ധി, പാസ്റ്റർ ജോർജ്ജ് പൊന്നയ്യയെ സന്ദർശിച്ചു. ആ സന്ദർശനത്തിനിടെ പൊന്നയ്യ രാഹുൽ ഗാന്ധിയോട് പറഞ്ഞത്, യഥാർത്ഥ ദൈവം മാതാ ശക്തിയല്ലെന്നും യേശു ക്രിസ്തുവാണെന്നുമാണ്. ഇതെല്ലാം ഹിന്ദുമത വിദ്വേഷത്തിന്റെ നേട്ടങ്ങളെ കുറിച്ചുള്ള പരീക്ഷണങ്ങളായിരുന്നു. ഇവയെല്ലാം തന്നെ പൊതുവായ ഒരു അജണ്ടയുടെ ഭാഗമായിരുന്നു എന്നും അണ്ണാമലൈ ചൂണ്ടിക്കാട്ടി.
2023ൽ ഹരിയാനയിൽ ഭാരത് ജോഡോ യാത്ര അവസാനിപ്പിച്ചപ്പോൾ രാഹുൽ ഗാന്ധി പറഞ്ഞത് പാണ്ഡവർക്ക് എല്ലാ മതങ്ങളിലും പെട്ടവരുടെ പിന്തുണ ലഭിച്ചിരുന്നു എന്നാണ്. മുതിർന്ന സമാജ് വാദി പാർട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യ പറഞ്ഞത് ദളിതരെയും പിന്നാക്കക്കാരെയും കെണിയിൽ പെടുത്താനുള്ള കുതന്ത്രമാണ് ഹിന്ദു മതം എന്നാണ്.
മുതിർന്ന ആർജെഡി നേതാവും ബിഹാർ വിദ്യാഭ്യാസ മന്ത്രിയുമായ ചന്ദ്രശേഖർ രാമചരിത മാനസത്തെ മോശമായ ഭാഷയിൽ അധിക്ഷേപിച്ചു. ഇതെല്ലാം പൊതുവായ ഹിന്ദുവിരുദ്ധ അജണ്ടയുടെ ഭാഗമായിരുന്നു. ഇതിന്റെ ഏറ്റവും പുതിയ പരീക്ഷണമായിരുന്നു തമിഴ്നാട്ടിൽ ഇൻഡി സഖ്യം നടത്തിയത്. ഇത് ഇൻഡി സഖ്യത്തിന്റെ കുതന്ത്രങ്ങൾ ജനങ്ങൾക്ക് മനസ്സിലാക്കാനുള്ള സമയമാണെന്നും അണ്ണാമലൈ പറഞ്ഞു.
നമ്മുടെ രാജ്യത്തിന്റെ സംസ്കാരത്തിന്റെ വളർച്ചയുടെ അടിസ്ഥാന ശിലയായ സനാതന ധർമ്മത്തെ ആക്രമിക്കാൻ ഇൻഡി സഖ്യത്തിലെ നേതാക്കൾ പരസ്പരം മത്സരിക്കുകയാണ്. ഇത് രാജ്യത്തെ ജനങ്ങൾ തിരിച്ചറിഞ്ഞ് ഒരുമിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന സൂചനയാണ് മദ്ധ്യപ്രദേശിൽ നിന്നും വരുന്നതെന്നും അണ്ണാമലൈ വ്യക്തമാക്കി. 2024ൽ ജനങ്ങളിൽ നിന്നും മാരകമായ തിരിച്ചടി ഏറ്റുവാങ്ങുന്നതോടെ ഇൻഡി സഖ്യം നാമാവശേഷമാകുമെന്നും അണ്ണാമലൈ പറഞ്ഞു.
Discussion about this post