ന്യൂഡൽഹി: ജന്മദിനത്തിലും വിശ്രമമില്ലാതെ ജോലി തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂഡൽഹിയിൽ വിവിധപദ്ധതികൾ ഉദ്ഘാടനം ചെയ്ത നരേന്ദ്രമോദി മെട്രോയിലും യാത്ര നടത്തി. ദ്വാരക സെക്ടർ 21 മുതൽ 25 ലെ യശോഭൂമി വരെ ഡൽഹി മെട്രോ നീട്ടിയത് ജനങ്ങൾക്ക് സമർപ്പിക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
ഇനി മുതൽ ന്യൂഡൽഹിയിൽ നിന്ന് മെട്രോയിൽ 15 മിനിറ്റ് കൊണ്ട് ഡൽഹി വിമാനത്താവളത്തിലെത്താം. ഡൽഹി മെട്രോയുടെ എയർപോർട്ട് എക്സ്പ്രസ് ലൈനിൽ ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 120 കിലോമീറ്ററായി ഉയർത്തുന്നതോടെയാണ് യാത്രസമയം കുറയുന്നത്. ഞായറാഴ്ച മുതൽ എക്സ്പ്രസ് ലൈനിൽ 120 കി.മീ വേഗതയിലാകും സർവീസുകൾ നടത്തുക. ഇന്ന് മൂന്നുമണി മുതലാണ് പുതിയ പാതയിൽ മെട്രോ സർവ്വീസ് ആരംഭിക്കുക.
എയർപോർട്ട് ലൈനിലെ ട്രെയിനുകളുടെ വേഗം കൂട്ടിയതോടെ മറ്റിടങ്ങളിലേക്കുള്ള യാത്രാസമയവും കുറയും. നിലവിൽ ന്യൂഡൽഹി മുതൽ ദ്വാരക സെക്ടർ 21 വരെ ഏകദേശം 22 മിനിറ്റാണ് യാത്രാസമയം. ഇത് ഇനി 19 മിനിറ്റായി കുറയും.
അതേസമയം യശോഭൂമിയെന്ന് പേരിട്ട പുതിയ ഇൻർനാഷണൽ കൺവെൻഷൻ സെന്റർ പ്രധാനമന്ത്രി രാജ്യത്തിനായി തുറന്നുകൊടുത്തു. വിശ്വകർമജയന്തി ദിനത്തിൽ വിവിധ തൊഴിൽ മേഖലയിലുള്ളവരുമായി അദ്ദേഹം സംവദിച്ചു. 13000 കോടി രൂപയുടെ വിശ്വകർമ പദ്ധതിയും ഉദ്ഘാടനം ചെയ്തു. പരമ്പരാഗത തൊഴിലുകൾ ചെയ്യുന്നവരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്.
Discussion about this post