രാജസ്ഥാനിലെ ആരവല്ലിമലനിരകളുടെ താഴ്‌വരയിൽ ഒരു അപൂർവ്വ ഗ്രാമമുണ്ട്. ഇന്ന് ഈ ഗ്രാമം ‘പുലിരാജ്യം’ എന്ന പേരിലാണ് പലപ്പോഴും അറിയപ്പെടുന്നത്. ഈ ഗ്രാമത്തിലെത്തിയാൽ ധാരാളം പുള്ളിപ്പുലികൾ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ സ്വാതന്ത്ര്യത്തോടെ വിഹരിക്കുന്നത് കാണാൻ കഴിയും. ഇവിടുത്തെ ഗ്രാമീണർക്ക് അതൊരു സംഭവമേ അല്ല. ഈ ഗ്രാമത്തിൽ മനുഷ്യരും പുള്ളിപ്പുലികളും തമ്മിൽ അത്രയേറെ ഐക്യത്തോടെയാണ് കഴിയുന്നത്. ഏറ്റവും വലിയ സവിശേഷത എന്തെന്നാൽ ഈ ഗ്രാമീണർ ഇപ്പോൾ ഈ പുള്ളിപ്പുലികളെ ഒരു ടൂറിസം സാധ്യതയാക്കി മാറ്റുകയാണ്.
പുള്ളിപ്പുലികളെ കാണാനെത്തുന്ന വിനോദസഞ്ചാരികൾക്കും മറ്റുമായി ഹോട്ടലുകളും റിസോർട്ടുകളും അടക്കം വിപുലമായ സൗകര്യങ്ങളാണ് ഇപ്പോൾ ഈ ഗ്രാമത്തിൽ ഒരുങ്ങുന്നത്.
45 വർഷങ്ങൾക്ക് മുമ്പ് കുംഭൽഗഡ് ദേശീയ ഉദ്യാനത്തിൽ നിന്നാണ് ആറ് പുള്ളിപ്പുലികൾ ആരവല്ലിയിലെ പാറക്കെട്ടുകൾ തേടിയെത്തിയത്. ഈ പുലികളെ സംബന്ധിച്ച് ബേര തികച്ചും പ്രകൃതിദത്തമായ ആവാസവ്യവസ്ഥയായിരുന്നു . പാറക്കൂട്ടങ്ങളുടെയും ഗുഹകളുടെയും ഒരു ശൃംഖല തന്നെയുള്ള ഈ പ്രദേശം പുള്ളിപുലികളുടെ സ്ഥിരമായ താമസസ്ഥലമായി മാറി. ഈ പാറക്കൂട്ടങ്ങൾക്കിടയിൽ അവർ സുരക്ഷിതമായി സഞ്ചരിക്കുകയും ആഹാരം തേടുകയും ഇണചേരുകയും കുഞ്ഞുങ്ങൾ ജനിക്കുകയും ചെയ്തു. പുലികളുടെ എണ്ണം വർദ്ധിച്ചതോടെ 2003-ൽ ബേരയ്ക്ക് ചുറ്റുമുള്ള ജവായ് ബന്ദിന്റെ 20 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ ജവായ് പുള്ളിപ്പുലി സംരക്ഷണ മേഖലയായി പ്രഖ്യാപിക്കപ്പെട്ടു.
നിലവിൽ ലോകത്തിൽ ഏറ്റവും കൂടുതൽ പുള്ളിപ്പുലികൾ ഉള്ളത് ഈ ഗ്രാമത്തിലാണ്. ഇവിടുത്തെ ഗ്രാമീണർ ഈ പുള്ളിപ്പുലികളെ ദൈവതുല്യമായി കാണുന്നു. ഗ്രാമത്തിന്റെ ദേവതയായ
അംബേ മാതാവിന്റെ അവതാരമായി ആണ് ഇവർ പുള്ളിപ്പുലികളെ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ വല്ലപ്പോഴും ഈ പുലികൾ തങ്ങളുടെ കന്നുകാലികളെ പിടികൂടി ഭക്ഷിച്ചാൽ പോലും ഈ ഗ്രാമീണർക്ക് പരാതിയില്ല. ഗ്രാമീണർ വളർത്തുന്ന കന്നുകാലികളെ പുലി പിടികൂടിയാൽ ആടിന് 4,000 രൂപയും പശുവിന് ഏകദേശം 15,000 രൂപയും ഇവർക്ക് സർക്കാർ നഷ്ടപരിഹാരമായി നൽകാറുണ്ട്. അതിനാൽ തന്നെ ഗ്രാമത്തിലെ ജനങ്ങൾ പുള്ളിപ്പുലികൾക്ക് യാതൊരു ശല്യവും ഉണ്ടാക്കുന്നില്ല. ഗ്രാമപ്രദേശങ്ങളിലൂടെയും കുളങ്ങളിലും റോഡുകളിലുമെല്ലാം പുലികൾ സ്വതന്ത്രമായി വിഹരിക്കുന്ന കാഴ്ച ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് കാണാൻ കഴിയുന്നതാണ്.
Discussion about this post