അഹമ്മദാബാദ്: ഗുജറാത്തിൽ കനത്ത മഴ. ഇന്നലെ മുതൽ പെയ്യുന്ന കനത്ത മഴയ്ക്ക് 24 മണിക്കൂർ പിന്നിട്ടിട്ടും ശമനമില്ല. വഡോദര, ഗാന്ധിനഗർ, നർമദ, പാഞ്ച്മഹൽ, ഭറൂച്ച്, ആനന്ദ് തുടങ്ങിയ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെളളം കയറി. ഇവിടെ നിന്നുളള 11,900 പേരെ താൽക്കാലിക ക്യാമ്പുകളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
റോഡുകളിൽ പലയിടത്തും മരങ്ങളും മറ്റും വീണ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഗതാഗതം പുനസ്ഥാപിക്കാൻ ശ്രമം തുടരുകയാണെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അറിയിച്ചു. വെള്ളം കയറിയ പ്രദേശത്ത് ഒറ്റപ്പെട്ട 270 പേരെ രക്ഷാപ്രവർത്തകർ സുരക്ഷിതമായി രക്ഷപെടുത്തിയതായും അധികൃതർ അറിയിച്ചു.
ഭറൂച്ചിൽ നർമദ നദി അതിന്റെ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ സേനയും എൻഡിആർഎഫും അടക്കം രക്ഷാദൗത്യത്തിൽ പങ്കാളികളാകുന്നുണ്ട്. വെളളം പൊങ്ങിയ പ്രദേശങ്ങളിൽ ബോട്ടുകളിലും മറ്റുമെത്തിയാണ് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. നിരവധി പ്രദേശങ്ങളിൽ കെട്ടിടങ്ങളുടെ ഒന്നാം നില മുങ്ങുന്ന അളവിൽ വെളളം നിറഞ്ഞിട്ടുണ്ട്.
നർമദ നദിയിലെ ജലനിരപ്പ് ഉയർന്നതോടെ മുംബൈ – അഹമ്മദാബാദ് പാതയിൽ റെയിൽ ഗതാഗതം തടസപ്പെട്ടിരുന്നു. 12 മണിക്കൂറിന് ശേഷം ജലനിരപ്പ് അൽപം താഴ്ന്നതോടെ ഇത് പുനസ്ഥാപിച്ചതായി വെസ്‌റ്റേൺ റെയിൽവേ അറിയിച്ചു.
രാജസ്ഥാനിലും പല ജില്ലകളിലും ശക്തമായ മഴയാണ് ലഭിച്ചത്. മുൻകരുതൽ നടപടിയുടെ ഭാഗമായി ഓറഞ്ച് അലെർട്ടും നൽകിയിട്ടുണ്ട്.
Discussion about this post