തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തൃശ്ശൂരിലെ സഹകരണ ബാങ്കുകളിൽ ഇഡി നടത്തിയ റെയ്ഡ് അവസാനിച്ചു. ഇന്നലെ രാവിലെ തുടങ്ങിയ റെയ്ഡ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അവസാനിച്ചത്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രധാനപ്രതി സതീശ് കുമാറിന് ബിനാമി ഇടപാടുകൾ ഉണ്ടെന്ന് കണ്ടെത്തിയ അയ്യന്തോൾ സഹകരണ ബാങ്ക്, തൃശ്ശൂർ സഹകരണ ബാങ്ക് എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടന്നത്. 17 മണിക്കൂറോളം സമയമാണ് ഇവിടെ ഇഡിയുടെ പരിശോധന നീണ്ടത്.
തൃശൂർ സഹകരണ ബാങ്ക് പ്രസിഡന്റും സിപിഎം സംസ്ഥാന സമിതി അംഗവുമായ എംകെ കണ്ണനേയും പരിശോധനയുടെ ഭാഗമായി വിളിച്ച് വരുത്തിയിരുന്നു. ഇഡി ബാങ്കിലെ അക്കൗണ്ടിലെ വിവരങ്ങൾ തേടുകയാണ് ചെയ്തതെന്ന് എം.കെ.കണ്ണൻ പറഞ്ഞു. അയ്യായിരത്തിലധികം അക്കൗണ്ടുകളുടെ വിവരങ്ങൾ ഇഡി ശേഖരിച്ചു. ഇഡി തന്നെ ചോദ്യം ചെയ്തിട്ടില്ല. അനിൽ അക്കരക്ക് തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ വ്യക്തി വിരോധമാണ്. റെയ്ഡിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ഇഡി റെയ്ഡിന് പിന്നാലെ എം.കെ.കണ്ണൻ പറഞ്ഞു.
Discussion about this post