ന്യൂഡൽഹി: ഇന്ത്യ ചന്ദ്രനിലെത്തി തലയുയർത്തി നിൽക്കുമ്പോൾ പാകിസ്താൻ ലോകത്തിന് മുന്നിൽ പിച്ചയെടുക്കുന്നുവെന്ന് മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ജി20 ഉച്ചകോടിയെ ഇന്ത്യ സമീപിച്ച രീതിയെയും അദ്ദേഹം പ്രശംസിച്ചു.
രാജ്യത്തിന്റെ ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണം ലക്ഷ്യബോധമില്ലാത്ത ഭരണകൂടങ്ങളും ദീർഘവീക്ഷണമില്ലാത്ത നീതിന്യായ വ്യവസ്ഥയുമാണെന്നും നവാസ് ഷെരീഫ് ലണ്ടനിൽ പറഞ്ഞു.
ചന്ദ്രനിൽ പേടകം ഇറക്കിയും വിജയകരമായി ജി20 ഉച്ചകോടി സംഘടിപ്പിച്ചും ഇന്ത്യ ലോകത്തിന് മുന്നിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കുമ്പോൾ പാകിസ്താൻ പ്രധാനമന്ത്രി ഇന്ന് ലോകം മുഴുവൻ കറങ്ങി നടന്ന് ഭിക്ഷ യാചിക്കുകയാണ്. ജി20 ഉച്ചകോടിയെ ഇന്ത്യ സമീപിച്ച രീതിയും പ്രശംസനീയമാണ്. ഇന്ത്യക്ക് സാധിക്കുന്ന കാര്യങ്ങൾ പാകിസ്താന് സാധിക്കാതെ പോകുന്നത് എന്തുകൊണ്ടാണെന്നും ഷെരീഫ് ചോദിച്ചു.
അടൽ ബിഹാരി വാജ്പേയി ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേൽക്കുമ്പോൾ ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം ഒരു ബില്ല്യൺ ഡോളർ മാത്രമായിരുന്നു. എന്നാൽ ഇന്ന് ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 600 ബില്ല്യൺ ഡോളറാണെന്നും ഷെരീഫ് ചൂണ്ടിക്കാട്ടി.
പാകിസ്താനിൽ മാസങ്ങളായി തുടരുന്ന സാമ്പത്തിക പ്രതിസന്ധി അതിന്റെ പാരമ്യത്തിലാണ്. അവശ്യസാധനങ്ങളുടെ വിലയും ഇന്ധന വിലയും നാൾക്കുനാൾ കുതിച്ചു കയറുകയാണ്. അന്താരാഷ്ട്ര നാണയ നിധിയിൽ നിന്നും റെക്കോർഡ് തുകയാണ് പാകിസ്താൻ കടമെടുത്തിരിക്കുന്നത്. ഈ സാഹചര്യത്തിലായിരുന്നു നവാസ് ഷെരീഫിന്റെ വിമർശനം.
Discussion about this post