തിരുവനന്തപുരം: കേരള പബ്ലിക് സർവിസ് കമീഷന്‍റെ പേരിൽ വ്യാജ കത്ത് നിർമിച്ച് നിയമന തട്ടിപ്പ് നടത്തിയ യുവതികൾ അറസ്റ്റിലായി. പിഎസ്‌സി ഉദ്യോഗാർത്ഥികളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതികളാണ് ഇവർ. ഒന്നാം പ്രതിയായ അടൂർ സ്വദേശിനി രാജലക്ഷ്മി, മൂന്നാം പ്രതിയായ കോട്ടയം സ്വദേശിനി ജോയ്സി ജോർജ് എന്നിവരാണ് അറസ്റ്റിലായത്. 35 ലക്ഷത്തോളം രൂപയാണ് ഇവർ വിവിധ പിഎസ്‌സി ഉദ്യോഗാർത്ഥികളിൽ നിന്നും തട്ടിയെടുത്തത്.
കേസിലെ രണ്ടാം പ്രതിയായ തൃശ്ശൂർ സ്വദേശിനി രശ്മി നേരത്തെ പോലീസിൽ കീഴടങ്ങിയിരുന്നു. പോലീസ് ഉദ്യോഗസ്ഥ ചമഞ്ഞ് പിഎസ്‌സി ഉദ്യോഗാർത്ഥികളിൽ നിന്നും പണം തട്ടിയെടുത്ത വ്യക്തിയാണ് മുഖ്യപ്രതിയായ രാജലക്ഷ്മി. രാജലക്ഷ്മിയും ജോയ്സിയും നേരത്തെ തന്നെ അടുപ്പക്കാരായിരുന്നതായി പോലീസിന് വ്യക്തമായിട്ടുണ്ട്.
ഉദ്യോഗാർത്ഥികളിൽ നിന്നും പണം വാങ്ങി അവരെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാക്കിയിരുന്നതും അവരെ ഇന്റർവ്യൂ നടത്തിയിരുന്നതും ജോയ്സി ആയിരുന്നു. ജോയ്സിയെ പോലീസ് കോട്ടയത്ത് നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഉദ്യോഗാർത്ഥികളുടെ മൊബൈൽ ഫോണിൽ നിന്നും ഇവരുടെ ഫോട്ടോ ലഭിച്ചത് വഴിയാണ് പോലീസ് ജോയ്സിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നത്. പിഎസ്‌സി ഉദ്യോഗസ്ഥയെന്ന വ്യാജേനയാണ് ഇവർ ഉദ്യോഗാർത്ഥികളിൽ നിന്നും പണം തട്ടിയത്.
Discussion about this post