ഉണ്ണിമുകുന്ദൻ ഇന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്. 2002-ലെ മലയാളം സിനിമയായ നന്ദനത്തിൻ്റെ തമിഴ് റീമേക്കായ സീദൻ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദൻ്റെ സിനിമാ പ്രവേശനം. 2011-ൽ റിലീസായ ബോംബേ മാർച്ച് 12 എന്ന സിനിമയിലൂടെ മലയാളത്തിലും ഉണ്ണി അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാർഡുകളും താരത്തിന് ലഭിച്ചിരുന്നു.
തുടർന്ന് ബാങ്കോക്ക് സമ്മർ, തത്സമയം ഒരു പെൺകുട്ടി എന്നീ ചിത്രങ്ങളിൽ അഭിനയിച്ച ഉണ്ണി മുകുന്ദൻ 2012-ൽ റിലീസായ മല്ലൂസിംഗ് എന്ന സിനിമയിൽ നായകനായി. മല്ലൂസിംഗിൻ്റെ വലിയ വിജയം ഒരു പിടി സിനിമകളിൽ നായക വേഷം ചെയ്യാൻ ഉണ്ണി മുകുന്ദന് അവസരമൊരുക്കി. തെലുങ്കു സിനിമയിലേക്കുള്ള ഇദ്ദേഹത്തിന്റെ അരങ്ങേറ്റം ജനതാ ഗാര്യേജ് എന്ന ചിത്രത്തിലെ വില്ലൻ വേഷം ചെയ്തു കൊണ്ടായിരുന്നു. 2018-ൽ റിലീസായ ഭാഗ്മതി എന്ന സിനിമയിൽ അനുഷ്ക ഷെട്ടിയുടെ നായകനായും അഭിനയിച്ചു.
2022 ൽ ഉണ്ണിയെ നായകനാക്കി വിഷ്ണു മോഹന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മേപ്പടിയാനും വിഷ്ണു ശശി ശങ്കറുടെ മാളികപ്പുറവും ബോക്സ് ഓഫീസ് ഹിറ്റുകൾ ആയിരുന്നു.
എന്നാൽ ഇപ്പോൾ താരത്തിന്റെ ആരാധകരെ നിരാശരാക്കുന്ന വാർത്ത ഇതാണ്; ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യാനിരുന്ന ബിഗ് ബജറ്റ് ചിത്രം ‘ബ്രൂസ് ലി’ വേവുണ്ടെന്നു വച്ചു. തന്റെ ഫേസ്ബുക് പേജിൽ ബ്രൂസ്‌ലി ഉപേക്ഷിച്ചോ എന്ന ഒരു ആരാധകരെ ചോദ്യത്തിനുള്ള മറുപടിയായി ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബ്രൂസ് ലി ഉപേക്ഷിക്കേണ്ടി വന്നുവെന്നും അതേ ടീമിൽ നിന്നും മറ്റൊരു ചിത്രത്തിനുള്ള തയാറെടുപ്പിലാണ് താനെന്നും ഉണ്ണി പ്രതികരിച്ചു. ‘‘അതെ ബ്രോ . ദൗര്‍ഭാഗ്യവശാല്‍ ബ്രൂസ് ലീ ഉപേക്ഷിക്കേണ്ടിവന്നു. ക്രിയേറ്റീവ് ആയ കാരണങ്ങളാലാണ് അത് വേണ്ടെന്നു വച്ചത്. പക്ഷേ അതേ ടീം മറ്റൊരു പ്രോജക്റ്റിനുവേണ്ടിയുള്ള ജോലികളിലാണ്. അത് ഒരു ആക്‌ഷന്‍ ചിത്രം ആവും എന്നുറപ്പ്. കാലം എന്താണോ ആവശ്യപ്പെടുന്നത് അതനുസരിച്ചാവും ആ ചിത്രം.’’–ഉണ്ണി മുകുന്ദൻ പറഞ്ഞു. അടുത്ത വർഷം തന്നിൽ നിന്നും തീർച്ചയായും ഒരു ആക്‌ഷൻ ചിത്രം പ്രേക്ഷകർക്ക് പ്രതീക്ഷിക്കാമെന്നും താരം കൂട്ടിച്ചേർത്തു.
അത് കൂടാതെ, ഉണ്ണിയുടെ തമിഴ് സിനിമയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സൂരിക്കൊപ്പം പ്രധാന വേഷത്തിലാണ് ഉണ്ണിയെത്തുക എന്നാണ് റിപ്പോർട്ട്. ശശികുമാറും ചിത്രത്തില്‍ അഭിനയിക്കുന്നു. സൂപ്പർ ഹിറ്റ് ചിത്രം വിടുതലൈക്ക് ശേഷം തമിഴിലെ ഹിറ്റ് സംവിധായകൻ വെട്രിമാരൻ തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്. കരുടൻ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. എതിര്‍ നീച്ചല്‍, കൊടി, കാക്കി സട്ടൈ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ദുരൈ സെന്തിൽകുമാരാണ് സിനിമ സംവിധാനം ചെയ്യുന്നത്. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം.
2008 ൽ ഉണ്ണി പങ്കെടുത്ത ഒരു ഓഡിഷൻ വീഡിയോ കുറച്ചു മാസങ്ങൾക്കു മുൻപേ സോഷ്യൽ മീഡിയയിൽ വയറൽ ആയിരുന്നു.ഗുജറാത്തിൽ ജനിച്ചു വളർന്ന ഉണ്ണികൃഷ്ണൻ മുകുന്ദൻ എന്ന ചെറുപ്പക്കാരൻ സിനിമ എന്ന സ്വപ്നവുമായി കേരളത്തിലേക്ക് ട്രെയിൻ കയറിയതും തുടർന്നുള്ള കഠിനാധ്വാനവും, പടിപടിയായുള്ള അയാളുടെ വളർച്ചയും സിനിമ മോഹികൾക്ക് എന്നും ഒരു പ്രചോദനമാണ്.
Discussion about this post