ന്യൂഡൽഹി: വനിതാ സംവരണ ബില്ല് രാജ്യസഭയിലും പാസായതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനവുമായി വനിതാ എംപിമാർ. രാജ്യസഭയിലെയും ലോക്‌സഭയിലെയും വനിതാ എംപിമാരാണ് പാർലമെന്റ് വളപ്പിൽ പ്രധാനമന്ത്രിക്ക് സ്വീകരണം ഒരുക്കിയത്. മോദി മോദി വിളികളോടെയായിരുന്നു പ്രധാനമന്ത്രിയെ അവർ വരവേറ്റത്.
രാജ്യസഭാ എംപി ഒളിമ്പ്യൻ പിടി ഉഷ ഉൾപ്പെടെയുളളവർ ബൊക്കെ നൽകിയാണ് ചരിത്ര നിമിഷത്തിൽ പ്രധാനമന്ത്രിയെ അഭിനന്ദിച്ചത്. കേന്ദ്രമന്ത്രിമാരായ മീനാക്ഷി ലേഖി, സ്മൃതി ഇറാനി തുടങ്ങിയവരും പ്രധാനമന്ത്രിക്ക് ബൊക്കെ കൈമാറി. രാജ്യത്തിന്റെ ചരിത്രം തിരുത്തിയ തീരുമാനത്തെ പിന്തുണച്ച വനിതാ എംപിമാർക്കൊപ്പം പ്രധാനമന്ത്രി നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളും ഏറ്റെടുത്തുകഴിഞ്ഞു.
സന്തോഷം അറിയിച്ച് മധുരവും പങ്കുവെച്ച ശേഷമാണ് എംപിമാർ പിരിഞ്ഞത്. പാർലമെന്റിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തുന്ന നാരീശക്തി വന്ദൻ അധിനിയാം ബില്ല് ഇന്നലെയാണ് രാജ്യസഭ പാസാക്കിയത്. ലോക്‌സഭയിൽ 454 -2 വോട്ടുകൾക്ക് പാസാക്കിയ ബില്ല് രാജ്യസഭയിൽ എതിരില്ലാതെയാണ് അംഗീകരിച്ചത്.
നമ്മുടെ നാരീശക്തിക്ക് ശോഭനമായ ഭാവി ഉറപ്പാക്കുന്നതാണ് ഈ മാറ്റത്തിന്റെ ഏറ്റവും വലിയ സവിശേഷതയെന്ന് എംപിമാരുമൊത്തുളള ചിത്രങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി കുറിച്ചു. സ്ത്രീകളെ മുൻനിരയിലെത്തിക്കുന്ന നിയമനിർമാണം ആഘോഷമാക്കാൻ ആ മാറ്റത്തിന് വഴികാട്ടികളായവർ ഒരുമിച്ചതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി കുറിച്ചു.
Discussion about this post