ന്യൂഡൽഹി: മാദ്ധ്യമങ്ങൾക്ക് കർശനിർദ്ദേശം നൽകി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. തീവ്രവാദം, ഗുരുതര കുറ്റകൃത്യങ്ങൾ, നിരോധിത സംഘടനകൾ എന്നിവയുടെ ഭാഗമായവർക്ക് വാർത്താ ചാനലുകൾ വേദി നൽകരുതെന്നാണ് കേന്ദ്രസർക്കാരിന്റെ നിർദ്ദേശം. നിരോധിത സംഘടന പ്രതിനിധിയെ ചാനൽ ചർച്ചയിൽ പങ്കെടുപ്പിച്ച സാഹചര്യത്തിലാണ് നടപടി. ഖാലിസ്ഥാൻ ഭീകരനായ ഗുർപത്വന്ത് സിംഗ് പന്നു ഈ മാസം 20 ാം തീയതി എബിവിപി ന്യൂസിൽ പ്രത്യേകം അഭിമുഖം നൽകിയതുമായി ബന്ധപ്പെട്ടാണ് നിർദ്ദേശം.
രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും വിദേശ രാജ്യവുമായുള്ള ഇന്ത്യയുടെ സൗഹൃദ ബന്ധത്തിനും ഹാനികരമായതും രാജ്യത്തെ പൊതുക്രമം തകരാൻ സാധ്യതയുള്ളതുമായ നിരവധി പരാമർശങ്ങൾ വിദേശ പൗരൻ ചാനലിൽ നടത്തിയെന്നും കേന്ദ്രം പുറപ്പെടുവിച്ച നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.
കേബിൾ ടെലിവിഷൻ നെറ്റ്വർക്ക് റെഗുലേഷൻ നിയമത്തിന്റെ സെക്ഷൻ 20 ചൂണ്ടിക്കാട്ടി ടെലിവിഷൻ ചാനലുകൾ അവരുടെ ഉള്ളടക്കത്തിൽ നിയമം അനുശാസിക്കുന്ന വ്യവസ്ഥകൾ പാലിക്കേണ്ടതിന്റെ ആവശ്യകത കേന്ദ്രം ഊന്നിപ്പറയുകയും ചെയ്തു.
Discussion about this post