ന്യൂഡൽഹി : ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഓഡിറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ സോഴ്സ് കോഡ് വെളിപ്പെടുത്തുന്നത് സുരക്ഷിതത്വത്തെ ബാധിക്കും എന്നതിനാലാണ് സുപ്രീംകോടതി ഈ അപേക്ഷ നിരസിച്ചത്.
ഇവിഎമ്മുകളുടെ സോഴ്‌സ് കോഡ് ഓഡിറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിനാണ് ഈ റിട്ട് പെറ്റീഷൻ ഫയൽ ചെയ്തിരിക്കുന്നതെന്നാണ് ഹരജിക്കാരനായ സുനിൽ അഹ്യ വാദിച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയായിരുന്നു ഹർജി എത്തിയിരുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ സംശയിക്കാൻ കോടതിയുടെ മുന്നിൽ വസ്തുതയൊന്നും ഇല്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ഹർജിക്കാരൻ ഇത് ആവശ്യവുമായി മുൻപ് തിരഞ്ഞെടുപ്പ് കമ്മീഷന് മൂന്ന് നിവേദനങ്ങൾ നൽകിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ ആവശ്യം നിരസിച്ചതിനെ തുടർന്നാണ് ഇയാൾ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നത്. സോഫ്‌റ്റ്‌വെയറിന്റെ സോഴ്‌സ് കോഡ് പൊതുവായി വെളിപ്പെടുത്തുന്നത് സുരക്ഷിതത്വത്തെ ബാധിക്കുമെന്നും അതിനാൽ തന്നെ ഹർജിക്കാരന്റെ അപേക്ഷ നിരസിക്കുകയാണെന്നും ജസ്റ്റിസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
Discussion about this post