ന്യൂഡൽഹി; ദേശീയതയ്‌ക്കൊപ്പമുളള നിലപാടിലേക്ക് ദേവഗൗഡയുടെ ജനതാദൾ സെക്കുലർ പാർട്ടിയും. ജെഡിഎസ് നേതാവും മുൻ പ്രധാനമന്ത്രി കൂടിയായ എച്ച്ഡി ദേവഗൗഡയുടെ മകനുമായ എച്ച് ഡി കുമാരസ്വാമിയാണ് ഡൽഹിയിൽ സഖ്യതീരുമാനം പ്രഖ്യാപിച്ചത്. ബിജെപി നേതാക്കളായ അമിത് ഷായും ജെപി നദ്ദയുമായും കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു എൻഡിഎയുടെ ഭാഗമാകാനുള്ള തീരുമാനം.
ജെഡിഎസിനെ സ്വാഗതം ചെയ്യുന്നതായി ജെപി നദ്ദ പറഞ്ഞു. പുതിയ ഇന്ത്യ കരുത്തുറ്റ ഇന്ത്യ എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും എൻഡിഎയുടെയും ലക്ഷ്യത്തിന് ജെഡിഎസിന്റെ വരവ് കൂടുതൽ കരുത്താകുമെന്ന് നദ്ദ കുറിച്ചു. ഗോവ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പ്രമോദ് സാവന്തും ചർച്ചകളിൽ പങ്കെടുത്തു.
സീറ്റ് പങ്കുവെയ്ക്കൽ ഉൾപ്പെടെ പിന്നീടാണ് ചർച്ച നടത്തുകയെന്നും കാവേരി നദീജല തർക്കം ഉൾപ്പെടെ ഇത്തരം ചർച്ചകളിൽ പരിഹരിക്കാൻ ശ്രമിക്കുമെന്നും എച്ച്ഡി കുമാരസ്വാമി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ 28 സീറ്റുകളിലും വിജയിക്കുകയാണ് ലക്ഷ്യം. അതിന് എല്ലാ രീതിയിലും ജെഡിഎസ് എൻഡിഎയെ പിന്തുണയ്ക്കുമെന്നും കുമാരസ്വാമി പറഞ്ഞു.
ജെഡിഎസ് എൻഡിഎയിലെത്തുമെന്ന അഭ്യൂഹങ്ങൾ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം തന്നെ സജീവമായിരുന്നു. അതേസമയം സഖ്യം യാഥാർത്ഥ്യമായതോടെ കേരളത്തിലെ ജെഡിഎസ് നേതൃത്വം വെട്ടിലായി. എൻഡിഎയുടെ ഭാഗമാകാൻ തയ്യാറല്ലെന്ന നിലപാടിലാണ് പാർട്ടിയുടെ കേരളത്തിലെ നേതൃത്വം. ഏഴിന് സംസ്ഥാന സമിതി വിളിച്ചിട്ടുണ്ടെന്നും ഭാവി കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും മാത്യു ടി തോമസ് പറഞ്ഞു.
Discussion about this post