ചോക്കലേറ്റ് നായകൻ കുഞ്ചാക്കോ ബോബനും സ്‌പ്ലെൻഡറും മലയാള ക്യാമ്പസ്സിന്റെ തരംഗമായിരുന്ന കാലത്തുതന്നെയാണ് സൂര്യ- ജ്യോതിക താര ജോഡികളുടെ കാതൽ കഥകളും തെക്കേ ഇന്ത്യൻ യുവതയുടെ വികാരമായി മാറിയത്. അതെ സമയംതന്നെ പ്രണയ കഥകളിൽ പുതിയ ഒരു അനുഭവമായിരുന്നു രണ്ടായിരത്തിൽ പുറത്തിറങ്ങിയ വിജയ് ജ്യോതിക ജോഡികളുടെ ഖുശി എന്ന ചിത്രം.
മലയാളം ഉള്‍പ്പെടെ ഇതരഭാഷകളിലും സൂപ്പര്‍ ഹിറ്റ് ആയി മാറിയ തമിഴ് ചിത്രം അതിന്റെ സംവിധായകനെ തമിഴ് സിനിമ ഇന്‍ഡസ്ട്രിയ്ക്കും പുറത്തും ജനപ്രിയനാക്കി. എന്നാൽ അതിനും മുൻപേ തന്റെ ആദ്യ ചിത്രം കൊണ്ട് തന്നെ അയാള്‍ തന്റെ വരവ് അറിയിച്ചു കഴിഞ്ഞിരുന്നു. അജിത്തും സിമ്രാനും ഒരുമിച്ച ‘വാലി’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം കഴിഞ്ഞിട്ടായിരുന്നു ബ്ലോക് ബസ്റ്ററായി മാറിയ ‘ഖുശി’ അയാൾ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. നമ്മൾ മലയാളികൾക്കും ഏറെ ഇഷ്ടപ്പെട്ട സംവിധായകനായി മാറിയ ആ തമിഴ് സംവിധായകന്റെ പേര് സെല്‍വരാജ് ജസ്റ്റിന്‍ പാണ്ഡ്യന്‍ എന്നായിരുന്നു. പക്ഷെ സിനിമ ലോകത്ത് അയാള്‍ എസ്.ജെ സൂര്യ ആയി മാറി.
എന്നാൽ ആദ്യ രണ്ടു ചിത്രങ്ങളെപ്പോലെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ കഴിയാത്തവയായിരുന്നു തുടര്‍ന്നുള്ള എസ്.ജെ സൂര്യ സിനിമകള്‍. അത്തരം തിരിച്ചടികൾ അയാളുടെ സ്വകാര്യ ജീവിതത്തിലും ആവർത്തിക്കപ്പെട്ടതോടെ ആ സൂര്യൻ അസ്തമിച്ചു എന്നാണ് പലരും കരുതിയത്. പക്ഷെ പിന്നീട് സംഭവിച്ചത് മറിച്ചാണ്.
ഒരു കാലത്തു വിശക്കുമ്പോൾ മദ്രാസ് തെരുവിലെ പൊതു പൈപ്പിൽ നിന്നും വെളളം കുടിച്ചു വയർ നിറച്ചവരാണ് തെന്നിന്ത്യൻ സിനിമയിൽ വളർന്നവരൊക്കെയും. സൂര്യയുടെ കാര്യവും വ്യത്യസ്തമായിരുന്നില്ല. മദ്രാസിൽ ഒട്ടിയ വയറുമായി ചായക്കടയിൽ പണിക്കു നിന്നും ക്ലോറിൻ വെള്ളം കുടിച്ചും താന്‍ കണ്ട സ്വപ്നം യാഥാർഥ്യമാക്കാൻ അയാള്‍ സഹിച്ച കഷ്ടപ്പാടുകള്‍ കുറച്ചൊന്നുമല്ല.
ഒരു നടന്‍ ആവുകയെന്നതായിരുന്നു സെൽവരാജിന്റെ ആദ്യ ലക്ഷ്യം. ഒട്ടും ശ്രദ്ധിക്കപ്പെടാതെ ചില അപ്രധാന റോളുകൾ ഒക്കെ അന്ന് കിട്ടി ഒരു മൂലയിലേക്ക് ഒതുക്കപ്പെട്ടു. എന്നിട്ടും സിനിമയോടുള്ള അയാളുടെ പ്രണയം ഒട്ടും കുറഞ്ഞില്ല. സിനിമയിൽത്തന്നെ നില്‍ക്കാന്‍ ക്യാമറയുടെ പുറകിലേക്ക് മാറുക എന്ന തന്ത്രം പാണ്ഡ്യന്‍ സ്വീകരിച്ചു. അങ്ങനെ അയാൾ സഹ സംവിധായകന്റെ വേഷം ധരിച്ചു. അജിത്തിന്റെ ഉല്ലാസത്തിലും ആസൈയിലും വര്‍ക്ക് ചെയ്തതോടെ അദ്ദേഹവുമായി സംസാരിക്കാൻ അതുവഴി സാധിച്ചു. മനോഹരമായി കഥ പറഞ്ഞു ഫലിപ്പിക്കാനുള്ള പാണ്ഡ്യന്റെ കഴിവില്‍ അജിത്തിന് വലിയ മതിപ്പുളവാകുകയും, അത് വാലി എന്ന സിനിമയെയും സൂര്യ എന്ന സംവിധായകനെയും സൃഷ്ടിക്കുകയും ചെയ്തു.
വിശാൽ, സൂര്യ എന്നീ താരങ്ങൾ കേന്ദ്ര കഥാപാത്രങ്ങൾ ആയ “മാർക്ക് ആന്റണി” തെന്നിന്ത്യയിൽ ഇപ്പോൾ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. അതിൽ അഭിനേതാവ് എന്ന നിലയിലും തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് എസ്.ജെ സൂര്യ എന്ന സെല്‍വരാജ് ജസ്റ്റിന്‍ പാണ്ഡ്യന്‍. ജാക്കി പാണ്ഡ്യൻ എന്ന വില്ലൻ കഥാപാത്രമായി നായകനെക്കാൾ ഒരു പടി മുൻപിൽ നിൽക്കുന്ന പ്രകടനമാണ് താരം ഈ ചിത്രത്തിൽ കാഴ്ച വച്ചിരിക്കുന്നത്. സിനിമ ലോകത്ത് നിന്നും എന്നന്നേക്കുമായി അസ്തമിച്ച സൂര്യൻ എന്ന് തോന്നിച്ചിടത്തു നിന്നുമായിരുന്നു അയാളുടെ തിരിച്ചു വരവ്. ഇന്നയാൾ തെന്നിന്ത്യൻ സിനിമയിലെ ഉദയ സൂര്യനാണ്. അയാൾ നേരിടേണ്ടി വന്ന ഉയർച്ച താഴ്ചകൾ ഏതൊരു ഒരു സിനിമ കഥകളേക്കാളും നാടകീയമായിരുന്നു.
ചെന്നൈ ലയോള കോളേജിൽ പഠനത്തിനിടയിലാണ് സിനിമ എന്ന സ്വപ്നത്തെ ഇദ്ദേഹം ഹൃദയത്തിലേറ്റുന്നത്. എന്നാൽ ശേഷം ജീവിതമെന്ന അരങ്ങിൽ ആടിയ വേഷങ്ങളും വന്നു ചേർന്ന അനുഭവങ്ങളും ഇന്നയാളുടെ വേഷപ്പകർച്ചക്ക് വലിയൊരു മുതൽക്കൂട്ടാണ്. തന്നിൽ വന്നു ചേരുന്ന ഓരോ കഥാപാത്രത്തിനും വ്യത്യസ്തതകൾ കൊണ്ട് പുതിയ മാനം തീർക്കുന്നതിനാലാണ് “നടിപ്പിന് നായകൻ” എന്ന പര്യായം എസ്.ജെ സൂര്യക്ക് ആരാധകർ ചാർത്തിക്കൊടുത്തത്.
സത്യമാണ്, ഇന്ന് ഏതൊരു സിനിമയിലും നായകനെക്കാൾ ഉയരത്തിൽ പ്രേക്ഷകരുടെ ശ്രദ്ധ എത്തുന്നത് ഇദ്ദേഹത്തിലേക്കു തന്നെയാണ്. പരാജയങ്ങളാണ് വിജയത്തിന്റെ മാധുര്യം കൂട്ടുന്നതെന്ന ജീവിതതത്വം ഒരിക്കൽക്കൂടെ നമ്മളെ ഓർമിപ്പിക്കുകയാണ് എസ്.ജെ സൂര്യ എന്ന ഈ മനുഷ്യൻ. അത് മാത്രമല്ല, നടിപ്പിൻ നായകന്റെ സാന്നിദ്ധ്യമുണ്ടെങ്കിൽ ആ ചിത്രത്തിന്റെയും നായകന്റെയും തലവര മാറുമെന്ന തരത്തിലുള്ള നിഗമനത്തിലാണ് ഇന്ന് സിനിമ നിരൂപകർ.
Discussion about this post