എറണാകുളം: ടൂറിസ്റ്റ് ബസിൽ നിന്നും ഗോവൻ മദ്യം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ടിടിസി പ്രിൻസിപ്പാൾ ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തു. ടിസിസി വിദ്യാർത്ഥികളും അദ്ധ്യാപകരും ഗോവയിൽ ടൂർ പോയി മടങ്ങി വന്ന ബസിൽ നിന്നായിരുന്നു മദ്യം പിടികൂടിയത്.
ബസിൽ മദ്യം കൊണ്ടുവരുന്നതായി സ്റ്റേറ്റ് എക്‌സൈസ് കൺട്രോൾ റൂമിൽ രഹസ്യ വിവരം ലഭിച്ചിരുന്നു. ഈ വിവരം എറണാകുളം ഡിവിഷനിലേക്ക് കൈമാറുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എറണാകുളം സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം. സജീവ്കുമാറിന്റെ നേതൃത്വത്തിൽ ആയിരുന്നു വാഹന പരിശോധന.
ബസ്സിന്റെ ലഗേജ് അറയിൽ നിന്നുമാണ് മദ്യം കണ്ടെത്തിയത്. ബസ് ഡ്രൈവർ, ക്ലീനർ, ടൂർ ഓപ്പറേറ്റർ, സ്ഥാപനത്തിന്റെ പ്രിൻസിപ്പാൾ എന്നിവരുടെ ബാഗുകളിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്. 50 കുപ്പി (31.85 ലിറ്റർ) ഗോവൻ മദ്യമാണ് പരിശോധനയിൽ കണ്ടെത്തിയത്.
കേരള അബ്കാരി നിയമം 58ാം വകുപ്പ് പ്രകാരം കേരളത്തിൽ വില്പന അനുമതി ഇല്ലാത്ത മദ്യം സൂക്ഷിക്കുന്നത്, പത്ത് വർഷം വരെ ശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും ശിക്ഷ കിട്ടാവുന്ന, ജാമ്യം കിട്ടാത്ത കുറ്റകൃത്യമാണ്. സ്‌ട്രൈക്കിംഗ് ഫോഴ്സ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എറണാകുളം സർക്കിൾ ഓഫീസിലെ പാർട്ടിയും പ്രിവന്റീവ് ഓഫീസർ ജയകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വിപിൻ പുഷ്പാംഗതൻ, ഇഷാൽ അഹമ്മദ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ രഞ്ജിനി, ഡ്രൈവർ ദീപക് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Discussion about this post