വർഷങ്ങളായി ചിയാൻ വിക്രമിന്റെ ആരാധകർ കാത്തിരുന്ന് ക്ഷമ നശിച്ച ധ്രുവനച്ചത്തിരം സിനിമയുടെ റിലീസ് പ്രഖ്യാപിച്ച് സംവിധായകൻ ഗൗതം വാസുദേവ് മേനോന്‍. എന്ത് സംഭവിച്ചാലും ഇത്തവണ റിലീസ് ചെയ്തിരിക്കും എന്ന ഉറപ്പിലാണ് സംവിധായകന്റെ വരവ്.
നവംബര്‍ 24ന് ചിത്രം റിലീസ് ചെയ്യും എന്നാണ് ഇന്ന് അദ്ദേഹം തന്റെ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവച്ച സിനിമയുടെ പോസ്റ്ററിന് ഒപ്പം കുറിച്ചത്. സിനിമയുടെ ഒരു ട്രെയിലർ ഗ്ലിംപ്സും റിലീസ് ചെയ്തിട്ടുണ്ട്. 2016 ൽ ചിത്രീകരണം ആരംഭിച്ച സിനിമയാണ് ഏഴ് വർഷങ്ങൾക്കു ശേഷം റിലീസാകാൻ പോകുന്നത്. ഗൗതം മേനോന്‍റെ പല സിനിമകളും പ്രഖ്യാപിച്ച സമയത്ത് റിലീസ് ചെയ്യപ്പെടാതെ പോകുന്നത് ആരാധക പ്രതിഷേധത്തിനും സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുന്നതിനും കാരണമാകാറുണ്ട്.
2016 ൽ ചിത്രീകരണം തുടങ്ങിയ സ്പൈ ത്രില്ലറായ ധ്രുവനച്ചത്തിരം ഗൗതം മേനോന്റെ സാമ്പത്തിക പ്രശ്നം മൂലം 2018 മുതല്‍ നിര്‍ത്തി വെയ്ക്കുകയും പിന്നീട് വീണ്ടും തുടങ്ങുകയുമായിരുന്നു. ചിത്രത്തില്‍ രഹസ്യ അന്വേഷണ ഏജന്റായ ജോണ്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. വിക്രമിന് പുറമെ ഐശ്വര്യ രാജേഷ്, ഋതു വര്‍മ, സിമ്രാന്‍, ആര്‍ പാര്‍ത്ഥിപന്‍, വിനായകന്‍, രാധിക ശരത്ത് കുമാര്‍, ദിവ്യദര്‍ശിനി, മുന്ന, സതീഷ് കൃഷ്ണൻ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു താരങ്ങൾ.
Discussion about this post