ഊണും ഉറക്കവും കളഞ്ഞ് കഷ്ടപ്പെട്ട് പഠിച്ച് എപ്പോഴും ഒന്നാംസ്ഥാനം തന്നെ സ്വന്തമാക്കുന്ന ഒരു കൂട്ടുകാരി നമുക്കിടയിൽ ഉണ്ടായിരുന്നില്ലേ. വലിയ സ്വപ്നങ്ങൾ നെയ്ത് നാളെ ഒരിക്കൽ ഞാൻ ഡോക്ടറാകുമെന്നും ടീച്ചറാകുമെന്നും പോലീസാകുമെന്നും അഭിമാനത്തോടെ പറഞ്ഞിരുന്ന ഒരു കൂട്ടുകാരി. അവൾക്കിപ്പോൾ എന്ത് സംഭവിച്ചു എന്ന് എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ? നന്നായി പഠിച്ചു ഫസ്റ്റ് ക്ലാസോടെ തന്നെ അവൾ പാസായി. പക്ഷേ ജോലിക്ക് പോയില്ല അത്രേ. അവളെ വിവാഹം കഴിച്ചുകൊണ്ട് പോയ വീട്ടിൽ സ്ത്രീകൾ ജോലിക്ക് പോയി കുടുംബം നോക്കേണ്ട ‘ഗതികേട്’ ഇല്ലാത്തതിനാൽ അവൾ നല്ല കുടുംബിനിയായി. ഇന്ന് ബഹുഭൂരിപക്ഷം സ്ത്രീകൾക്കും സംഭവിക്കുന്ന കാര്യമാണിത്.
പഠനകാലത്ത് മത്സരത്തോടെ പഠിച്ച് നല്ല മാർക്ക് നേടിയിട്ടും കുടുംബശേഷം പലവിധകാരണങ്ങളാൽ ജോലി ഉപേക്ഷിക്കേണ്ട സാഹചര്യമാണ് സ്ത്രീകൾക്ക്. കുറേയധികം മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും കുടുംബത്തിൽ പെട്ടെന്നൊരു ആവശ്യം വന്നാൽ ആദ്യം ലീവ് എടുക്കേണ്ട, ആദ്യം ജോലി ഉപേക്ഷിക്കേണ്ട ഒരാളാണ് സ്ത്രീയെന്നാണ് പലയിടത്തെയും തെറ്റിദ്ധാരണ. ഈ കാരണങ്ങൾ കൊണ്ടൊക്കെ തന്നെ വിവാഹം കഴിക്കാൻ മടിക്കുകയാണ് ഇന്നത്തെ ചെറുപ്പക്കാരികൾ.
എന്നാലിതാ ഇതുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പഠനം ശ്രദ്ധനേടുകയാണ്.അസിം പ്രേംജി യൂണിവേഴ്സിറ്റിയുടെ ‘സ്റ്റേറ്റ് ഓഫ് വർക്കിംഗ് ഇന്ത്യ 2023’ റിപ്പോർട്ടാണ് ചർച്ചയാവുന്നത്. അമ്മായി അമ്മമാർ ജോലിക്ക് പോകുന്നത് മരുമകളായി വരുന്ന പെൺകുട്ടി/ സ്ത്രീക്കും ജോലിയവസരമുണ്ടാക്കുന്നു- അല്ലെങ്കിൽ ആ രീതിയിൽ സമൂഹം മാറുന്നു എന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.
രാജ്യത്ത് – പ്രത്യേകിച്ച് നഗരപ്രദേശങ്ങളിൽ അമ്മായി അമ്മമാർ ജോലി ചെയ്യുന്നവരാണെങ്കിൽ 70 ശതമാനം മരുക്കളായി വരുന്ന സ്ത്രീകളും ജോലി ചെയ്യുന്നവരാണ് എന്നതാണ് ഇവരുടെ കണ്ടെത്തൽ. ഗ്രാമങ്ങളിലേക്ക് എത്തുമ്പോൾ അത് 50 ശതമാനവും ആകുന്നു. കൊറോണയ്ക്ക് ശേഷം ജോലിക്ക് പോകുന്ന സ്ത്രീകളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവുണ്ടായി. നിരവധി പേരാണ് സ്വന്തം കഴിവ് തിരിച്ചറിഞ്ഞ് സ്വയം ജോലിക്കായി ഇറങ്ങിത്തിരിച്ചതെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിലെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്.
സ്ത്രീകൾ കൂടി ജോലിക്ക് പോകേണ്ടതിന്റെ ആവശ്യകത കുടുംബങ്ങൾ ഇന്ന് മനസിലാക്കി തുടങ്ങിയിരിക്കുന്നു. സാമ്പത്തികകാര്യങ്ങളിലും സ്ത്രീകളുടെ പങ്കാളിത്വം ഉയരുന്നത് തുല്യതയിലേക്കുള്ള വഴി എളുപ്പമാക്കുന്നു. പഠനം അനുസരിച്ച് സ്വന്തം ചിലവുകൾക്കായി എങ്കിലും സ്വയം പണം കണ്ടെത്താൻ ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ ചെറുപ്പക്കാരികളിലധികവും അത്രേ.
Discussion about this post