ന്യൂഡൽഹി: അയോദ്ധ്യ മുതൽ ധനുഷ്‌കോടി വരെ 290 ശ്രീരാമ സ്തംഭങ്ങൾ സ്ഥാപിക്കാൻ ഒരുങ്ങി അയോദ്ധ്യ രാമക്ഷേത്ര ട്രസ്റ്റ്. ശ്രീരാമൻ വനവാസകാലത്ത് പാദമുദ്ര പതിപ്പിച്ച സ്ഥലങ്ങളിലാണ് ഇവ വരിക. ഓരോ സ്തംഭത്തിലും, രാമായണത്തിൽ ആ സ്ഥലത്തിന്റെ പ്രാധ്യാന്യം വർണിക്കുന്ന വാൽമീകിയുടെ ശ്ലോകം കൊത്തിവയ്ക്കും. ഓരോന്നിനും 20 അടി ഉയരവും ആറടി വീതിയുമാണ് ഉണ്ടാവുക. രാമക്ഷേത്രം പണിയുന്ന ജയ്പൂരിലെ അതേ കല്ലാണ്, സ്തംഭം പണിയാനും ഉപയോഗിക്കുന്നത്. ഭൂകമ്പങ്ങളിൽ തകരാത്ത വിധമാണ് രൂപകൽപന.
അശോക് സിംഗാൾ ഫൗണ്ടേഷൻ സെപ്തംബർ 30-ന് നിർമാണ പദ്ധതി ആരംഭിക്കുമെന്ന്. ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറിയും അയോദ്ധ്യയിലെ കർസേവകപുരത്തുള്ള അശോക് സിംഗാൾ ഫൗണ്ടേഷൻ അംഗവുമായ ചമ്പത് റായ് പറഞ്ഞു. ഗവേഷണത്തിന് ശേ,ം കണ്ടെത്തിയ സ്ഥലങ്ങളിൽ സ്തംഭം സ്ഥാപിക്കാനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചെലവ് വഹിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അയോദ്ധ്യയിലെ മണിപർബതിൽ ആണ് ആദ്യ രാമസ്തംഭം. രാമ -സീതാ കല്യാണത്തിന് ദശരഥ രാജാവിന് ജനക രാജാവ് ധാരാളം രത്‌നങ്ങൾ നൽകി. അത് കുമിഞ്ഞുണ്ടായ മലയാണ് ഇത് എന്ന് ഐതിഹ്യം. ശ്രീരാമനെ ശബരി കണ്ടുമുട്ടിയ വനമാണ് ശബരിമലയെന്നും ഐതിഹ്യമുണ്ട്. അതുകൊണ്ടുതന്നെ ശബരി ആശ്രമത്തിലും തൂൺ സ്ഥാപിക്കും. ഈ തൂണുകൾ സ്ഥാപിക്കുന്ന സ്ഥലങ്ങൾ മുൻ ഇന്ത്യൻ റവന്യൂ ഓഫീസർ രാം അവതാർ ശർമ്മ പരിശോധിച്ചു.
തെലങ്കാനയിലെ തുംഗഭദ്ര നദിയുടെ തീരത്തും തൂണുകൾ സ്ഥാപിക്കും. നദിയുടെ തീരത്തുള്ള അനെഗുഡി എന്ന ചെറുപട്ടണം പുരാതനകാലത്ത് കിഷ്‌കിന്ധ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇവിടെ വച്ചാണ് രാമൻ ആദ്യമായി ഹനുമാനെയും സുഗ്രീവനെയും കാണുന്നത്. മറ്റൊന്ന് ധനുഷ്‌കോടിയിലെ രാമസേതുവിലും സ്ഥാപിക്കും.
Discussion about this post