ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ജസ്റ്റിൻ ട്രൂഡോയെ ചൊടിപ്പിച്ചത് ഇന്ത്യയുടെ അതിർത്തി കടന്നുള്ള ഇടപെടൽ ആണെന്നാണ് പറയപ്പെടുന്നത്. എന്നാൽ അതിർത്തി കടന്നുള്ള ഇടപെടൽ നടത്തി കാനഡയിൽ അഭയം പ്രാപിച്ചിരുന്ന തങ്ങളുടെ എതിരാളികളെ കൊലപ്പെടുത്തിയ ചൈനയോടും പാകിസ്താനോടും ട്രൂഡോ മൗനം പാലിക്കുകയാണ്. ചൈനീസ് വംശജയായ വെയ് ഹുവിന്റെയും പാകിസ്താൻ വംശജയായ കരിമ ബലോച്ചിന്റെയും കൊലപാതകത്തെക്കുറിച്ച് ട്രൂഡോ ഇതുവരെ യാതൊരു പ്രശ്നവും ഉന്നയിച്ചിട്ടില്ല.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അഴിമതി നടത്തി രാജ്യം വിടുന്ന സാമ്പത്തിക കുറ്റവാളികളെ നിശ്ശബ്ദമാക്കാൻ രൂപകൽപ്പന ചെയ്ത ഓപ്പറേഷൻ ഫോക്സ് ഹണ്ട് വഴി കാനഡയിൽ അഭയം തേടിയിരുന്ന വെയ് ഹു എന്ന വിമതനെ കൊലപ്പെടുത്തിയതായി ദീർഘനാളായി ആരോപണമുണ്ട്. ഓപ്പറേഷൻ ഫോക്സ് ഹണ്ട് എന്ന CCP കാമ്പെയ്‌നിന്റെ ലക്ഷ്യം തന്നെ 57 കാരനായ വെയ് ഹു ആയിരുന്നുവെന്നാണ് പറയപ്പെടുന്നത്. രണ്ടായിരത്തിൽ കാനഡയിലേക്ക് കുടിയേറിയ വെയ് ഹുവിനെ 2021 ജൂലൈയിലാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തുന്നത്.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെ നിരന്തരമായി വേട്ടയടുന്നുണ്ടെന്ന് വെയ് ഹു വെളിപ്പെടുത്തിയ സാക്ഷി മൊഴി ഉണ്ടായിരുന്നിട്ടു പോലും ചൈനയ്ക്കെതിരെ ഒരു ചെറുവിരൽ ഞൊടിക്കാൻ ജസ്റ്റിൻ ട്രൂഡോ തയ്യാറായില്ല. ട്രൂഡോയുടെ തിരഞ്ഞെടുപ്പിൽ പോലും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അദ്ദേഹത്തെ വഴിവിട്ട് സഹായിച്ചതായി ആരോപണങ്ങൾ നേരത്തെ ഉയർന്നിരുന്നു. തിരഞ്ഞെടുപ്പിനായി ട്രൂഡോ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും വലിയ രീതിയിൽ പണം കൈപ്പറ്റിയിരുന്നുവെന്ന കേസിൽ പൊതു അന്വേഷണം അനുവദിക്കാൻ ട്രൂഡോ വിസമ്മതിച്ചതായാണ് കനേഡിയൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
2020 ലാണ് ബലൂചിസ്ഥാനിൽ നിന്നുള്ള ആക്ടിവിസ്റ്റ് ആയ കരിമ ബലോച്ചിനെ ടൊറന്റോയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പാകിസ്താനിൽ തീവ്രവാദ കുറ്റം ചുമത്തപ്പെട്ടതിനെ തുടർന്ന് 2015 ൽ കാനഡയിലേക്ക് കുടിയേറിയ വ്യക്തിയായിരുന്നു കരിമ. കാനഡയിൽ അവരുടെ ജീവൻ അപകടത്തിലാണെന്ന് ബലൂച് നേരത്തെ തന്നെ കനേഡിയൻ സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. കരിമ ബലോച്ചിന്റെ ദുരൂഹ മരണത്തിന് പിന്നിൽ പാകിസ്താൻ ചാരസംഘടനയായ ഐ എസ് ഐ ആണെന്ന് വ്യക്തമായ തെളിവുകൾ ഉണ്ടായിരുന്നിട്ടും അവിടെയും ട്രൂഡോ കണ്ണടച്ചു.
ഐഎസ്‌ഐയും ഖാലിസ്ഥാനി ഗ്രൂപ്പുകളും തമ്മിലുള്ള അടുപ്പവും പരസ്പര സഹായവും ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്ന വ്യക്തിയായാണ് പലപ്പോഴും ജസ്റ്റിൻ ട്രൂഡോ പറയപ്പെടുന്നത്. കാനഡയിൽ അധികാരം പിടിച്ചെടുക്കാനായി ട്രൂഡോയെ സഹായിച്ചത് കാനഡ പാർലമെന്റിലെ ഖാലിസ്ഥാനി അനുകൂലികളായ സിഖ്കാരുടെ പിന്തുണയാണെന്ന് പരസ്യമാണ്. അതിനാൽ തന്നെ ഖാലിസ്ഥാനെയോ പാകിസ്താനെയോ ചൈനയെയോ തൊട്ടാൽ കൈ പൊള്ളുമെന്ന് ട്രൂഡോയ്ക്ക് നന്നായി അറിയാം. ഖാലിസ്ഥാൻ വിഘടനവാദികളെ സുഖിപ്പിക്കാനായി ഇന്ത്യക്കെതിരെ നീങ്ങിയ ട്രൂഡോയ്ക്ക് ഇപ്പോൾ കാനഡയിലെ പ്രതിപക്ഷവും മാധ്യമങ്ങളും കുഴി തോണ്ടിയെടുക്കുന്ന പഴയ കൊലപാതകങ്ങളുടെ കണക്ക് കൂടി പറയേണ്ടി വരികയാണ്.
Discussion about this post