തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനുമെതിരെ കടുത്ത വിമർശനവുമായി സിപിഐ എക്സിക്യൂട്ടീവ് യോഗം. ഇപ്പോഴത്തെ സർക്കാരിന്റെ മുൻഗണനകൾ ഒരു ഇടത് സർക്കാരിന് ചേർന്നതല്ല എന്നും യോഗത്തിൽ കുറ്റപ്പെടുത്തി. കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്ന കാര്യത്തിൽ മുഖ്യമന്ത്രിക്കും മടിയാണെന്നും സിപിഐ നേതൃയോഗത്തിൽ ആക്ഷേപമുണ്ടായി.
കരുവന്നൂർ കണ്ടല സഹകരണ ബാങ്കുകളിലെ തട്ടിപ്പുകളിൽ നിക്ഷേപകർക്ക് പണം തിരിച്ചു നൽകുകയാണ് വേണ്ടത് എന്ന് യോഗം വിലയിരുത്തി. നിക്ഷേപകരുടെ പണം തിരിച്ചു നൽകാതെ ജനസദസ്സം നടത്തിയിട്ട് കാര്യമില്ല എന്നും സിപിഐ നേതാക്കൾ വ്യക്തമാക്കി. തൊഴിലാളികൾക്കും സാധാരണക്കാർക്കും ഉള്ള പദ്ധതികൾക്കാണ് സർക്കാർ മുൻഗണന നൽകേണ്ടതെന്നും സിപിഐ നേതൃയോഗത്തിൽ സൂചന നൽകി.
ഭക്ഷ്യവകുപ്പിനും കൃഷി വകുപ്പിനും ധനവകുപ്പിൽ നിന്നും ആവശ്യത്തിനു പണം ലഭിക്കുന്നില്ലെന്ന് യോഗത്തിൽ പരാതി ഉയർന്നു. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയനോട് വിശദീകരണം തേടാനും നേതൃയോഗത്തിൽ തീരുമാനമായി. ജില്ലാ പഞ്ചായത്തിൽ സീറ്റ് നൽകുന്നതിന് എ പി ജയൻ 3 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന പരാതിയിൽ പാർട്ടി അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണ റിപ്പോർട്ട് അനുസരിച്ചാണ് ഇപ്പോൾ എ പി ജയനിൽ നിന്നും വിശദീകരണം തേടാനായി തീരുമാനമായത്.
Discussion about this post