റാഞ്ചി: ഝാർഖണ്ഡിൽ ക്രൂരത തുടർന്ന് കമ്യൂണിസ്റ്റ് ഭീകരർ. സ്വകാര്യ നിർമ്മാണ കമ്പനിയുടെ വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു. ജീവനക്കാരെ കയ്യേറ്റം ചെയ്തു. റായ്പൂരിലെ ചാട്ടി നദി പാലത്തിന് സമീപം ആയിരുന്നു സംഭവം.
പ്രദേശത്ത് റെയിൽവേയുടെ നിർമ്മാണ ജോലികൾ പുരോഗമിക്കുകയാണ്. ഇതിന്റെ ചുമതലയുള്ള നിർമ്മാണ കമ്പനിയുടെ ജീവനക്കാർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. മൂന്ന് ലോറികൾ ഉൾപ്പെടെ നാല് വാഹനങ്ങളാണ് ഭീകരർ അഗ്നിക്കിരയാക്കിയത്. ഇവരുടെ ഒരു എസ്‌യുവിയും കത്തിച്ചു. അക്രമം തടയാൻ ശ്രമിച്ച ജീവനക്കാരെയാണ് കമ്യൂണിസ്റ്റ് ഭീകരർ മർദ്ദിച്ചത്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന് ശേഷം പ്രദേശത്തെ വനത്തിനുള്ളിലേക്ക് കയറി പോകുകയായിരുന്നു.
നിർമ്മാണ കമ്പനിയുടെയും ജീവനക്കാരുടെയും പരാതിയിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്. 10 ഓളം പേരുള്ള സംഘമാണ് ആക്രമണം നടത്തിയത് എന്നാണ് ജീവനക്കാർ നൽകുന്ന മൊഴി. ഭീകരർക്കായി പോലീസ് തിരച്ചിലും ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം പലാമു ജില്ലയിലും സമാനമായ രീതിയിൽ കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണം ഉണ്ടായിരുന്നു. റോഡ് നിർമ്മാണത്തിന് കരാർ ഏറ്റെടുത്ത കമ്പനിയുടെ ആറ് വാഹനങ്ങളാണ് ഇവർ അഗ്നിക്ക് ഇരയാക്കിയത്.
Discussion about this post