മലപ്പുറം: ജില്ലയിൽ സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ചവർക്ക് അപൂർവ്വ വൃക്ക രോഗം ബാധിച്ചതായി കണ്ടെത്തൽ. എട്ട് പേരിലാണ് വൃക്കകളെ ബാധിക്കുന്ന അപൂർവ്വ രോഗമായ മെമ്പ്രനസ് നെഫ്രോപ്പതി ( എംഎൻ) കണ്ടെത്തിയത്. ചർമ്മത്തിന് നിറം ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന ക്രീം ഉപയോഗിച്ചവരാണ് ഇവർ.
കോട്ടയ്ക്കൽ മിംസ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡോക്ടർമാരുടേത് ആണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. ആരോഗ്യപ്രശ്‌നത്തെ തുടർന്ന് ഫെബ്രുവരിയിൽ 14 കാരി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ ആശുപത്രിയിൽ നിന്നും നൽകിയ മരുന്നുകൾ ഒന്നും തന്നെ കുട്ടിയിൽ ഫലം ചെയ്തില്ല. ഇതോടെ ഡോക്ടർമാർക്ക് സംശയം ആയി. തുടർന്ന് നടത്തിയ പരിശോധനയിൽ നെൽ 1 എംഎൻ സ്ഥിരീകരിക്കുകയായിരുന്നു.
ഇതോടെ കുട്ടിയുടെ ദിനചര്യകളെക്കുറിച്ച് അന്വേഷിച്ചു. ഇതിനിടെ കുട്ടിയുടെ ബന്ധവും സമാന ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന് ചികിത്സ തേടി. ദിന ചര്യകളെക്കുറിച്ച് അന്വേഷിച്ചതിൽ നിന്നും ശരീരത്തിന് നിറം വയ്ക്കുന്നതിനായി ഒരേ ബ്രാൻഡ് ക്രീം ഉപയോഗിച്ചതായി കണ്ടെത്തി. ഇതോടെ ക്രീമാണ് ആരോഗ്യപ്രശ്‌നത്തിന് കാരണം ക്രീമാണെന്ന നിഗമനത്തിൽ ഡോക്ടർമാർ എത്തുകയായിരുന്നു.
ഇവർക്ക് പിന്നാലെ ഇതേ ക്രീം ഉപയോഗിക്കുന്ന 29 കാരൻ കൂടി ആശുപത്രിയിൽ ചികിത്സ തേടി. ഇതോടെ മുഴുവൻ രോഗലക്ഷണങ്ങളുമുള്ളവരെ വിളിപ്പിക്കുകയായിരുന്നു. ഇതിൽ എട്ട് പേർ ക്രീം ഉപയോഗിക്കുന്നതായി വ്യക്തമായി. തുടർന്ന് ക്രീം പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ഉയർന്ന അളവിൽ മെർക്കുറിയും ഈയവും ക്രീമിൽ കണ്ടെത്തി. ഇതോടെ രോഗകാരണം ക്രീമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. വ്യാജ സൗന്ദര്യവർദ്ധക ക്രീമാണ് ഇതെന്നാണ് വിവരം. ക്രീമിൽ ഉത്പാദകരെ സംബന്ധിച്ചോ ചേരുവകൾ സബന്ധിച്ചോ ഉള്ള വിവരങ്ങൾ ഉണ്ടായിരുന്നില്ല.
വൃക്കയുടെ അരിപ്പയ്ക്ക് കേടുപാടുകൾ വരികയും പ്രോട്ടീൻ മൂത്രത്തിലൂടെ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്. ഉയർന്ന അളവിൽ ലോഹമൂലകങ്ങൾ അടങ്ങിയ ക്രീമുകൾ ആണ് ഈ രോഗത്തിന് കാരണം ആകുന്നത്.
Discussion about this post