കോഴിക്കോട്: കല്ലാച്ചിയിൽ 17 കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്. സ്വകാര്യ കോളേജ് വിദ്യാർത്ഥിനി ആണ് നടുറോഡിൽ അക്രമത്തിനിരയായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. വാണിമേൽ നിടുംപറമ്പ് സ്വദേശിയായ അർഷാദ് കുത്തിപ്പരിക്കേൽപ്പിച്ചത്. യുവതിയുടെ ചുമലിൽ രണ്ട് കുത്തുകളേറ്റു.വിവാഹത്തിൽ നിന്ന് പിന്മാറിയതിന്റെ പകയിലാണ് 17 കാരിയെ കുത്തിപ്പരിക്കേൽപ്പിച്ചത്.
കല്ലാച്ചി തെരുവൻപറമ്പ് സ്വദേശിയായ 17കാരിക്ക് നേരെയാണ് പട്ടാപ്പകൽ ആക്രമം നടന്നത്. ഖത്തറിൽ ജോലിചെയ്യുന്ന അർഷാദ് 6 മാസം മുൻപാണ് നാട്ടിലെത്തിയത്. നേരത്തെ പ്രണയത്തിലായിരുന്ന പെൺകുട്ടിയുമായി അർഷാദിന് വിവാഹ ബന്ധം ആലോചിച്ചിരുന്നു. പിന്നീട് പെൺകുട്ടിയുടെ കുടുംബം ബന്ധത്തിൽ നിന്ന് പിൻമാറി. ഇതിലുള്ള പകയാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
ബൈക്കിലെത്തിയ അർഷാദ് കോളേജ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെ കല്ലാച്ചി മർക്കറ്റ് റോഡിൽ തടഞ്ഞു വെക്കുകയായിരുന്നു. പിന്നീട് മർദ്ദിക്കുകയും കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. പെൺകുട്ടിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരും വ്യാപാരികളുമാണ് യുവാവിനെ കീഴ്‌പ്പെടുത്തി പോലീസിലേൽപ്പിച്ചത്. കടയുടമ അഫ്‌സലിനും നിസാര പരിക്കുണ്ട്. ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിന് പോലീസ് കേസെടുത്തു. നാദാപുരം പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.
Discussion about this post