ചെന്നൈ: സനാതന ധർമ്മത്തെ അവഹേളിച്ച മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ തമിഴ്‌നാട് ഗവർണർ ആർ എൻ രവി. സനാതന ധർമ്മത്തിന്റെ ഉത്പന്നമാണ് ഭാരതം എന്ന് അദ്ദേഹം പറഞ്ഞു. സനാതന ധർമ്മവുമായി ബന്ധപ്പെട്ട പരാമർശത്തിൽ ഉദയനിധിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവും വിമർശനവും തുടരുകയാണ്. ഇതിനിടെയാണ് ഗവർണർ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
സനാതന ധർമ്മം മലേറിയയും ഡെങ്കിയും പോലെ പകർച്ചവ്യാധി ആണെന്നും അതിനാൽ ഉന്മൂലനം ചെയ്യണമെന്നുള്ള ഉദയനിധി സ്റ്റാലിന്റെ പരാമർശം എതിർക്കപ്പെടേണ്ടതാണ്. ഈ മാസം 9, 10 തിയതികളിലായി ഡൽഹിയിൽ നടന്ന ജി 20 ഉച്ചകോടി യഥാർത്ഥത്തിൽ സനാതന ഉത്സവം ആയിരുന്നു. സനാതന ധർമ്മം, സനാതന മൂല്യം, വസുധൈവ കുടുംബകം എന്നീ തത്വങ്ങളിൽ ഊന്നിയാരുന്നു ജി 20 ഉച്ചകോടിയ്ക്കായി ഭാരതം ആതിഥേയത്വം വഹിച്ചത്. ഇന്ന് ലോകം മുഴുവൻ സനാതന ധർമ്മത്തെ ആഘോഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചില ആളുകൾ സനാതന ധർമ്മമെന്ന ആശയത്തെ വളച്ചൊടിക്കാൻ ശ്രമിക്കുന്നു. സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടിയാണ് ഇക്കൂട്ടർ സനാതന ധർമ്മത്തിനെതിരെ രംഗത്തുവരുന്നത്. സനാതന ധർമ്മത്തെ ആർക്കും നശിപ്പിക്കാൻ കഴിയില്ല. നമ്മൾ നമ്മുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണം. സനാതന ധർമ്മത്തിനെതിരെ ആരെങ്കിലും രംഗത്ത് എത്തുന്നുണ്ട് എങ്കിൽ രാജ്യത്തെ തകർക്കലാണ് അവരുടെ ഉദ്ദേശ്യമെന്ന് തിരിച്ചറിയാൻ നമുക്ക് സാധിക്കണമെന്നും ആർ എൻ രവി പറഞ്ഞു.
Discussion about this post