തിരുവനന്തപുരം: കേരളത്തിലെ സഹകരണ മേഖലയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത കൊള്ളയാണ് കരുവന്നൂരിൽ നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തൃശൂരിലുള്ള സഹകരണ ബാങ്കുകളിൽ മാത്രം 500 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ട്. തട്ടിപ്പുകാരായ സിപിഎം നേതാക്കളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അപഹാസ്യമാണ്. കൊളളക്കാർക്ക് മുഖ്യമന്ത്രി കുട പിടിക്കുകയാണ്. ഇത് സഹകരണ മേഖലയുടെ വിശ്വാസ്യതയെ പിന്നിൽ നിന്ന് കുത്തുന്ന നിലപാടാണ്.
ചോറിൽ ഒരു കറുത്തവറ്റ് കണ്ടുവെന്ന് പറഞ്ഞ് ചോറാകെ മോശമാണെന്ന് ആരോപിക്കുന്നത് ശരിയല്ലെന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. പക്ഷേ പാത്രത്തിലെ ചോറിൽ മുഴുവൻ കറുത്ത വറ്റുകളാണെന്ന് മുഖ്യമന്ത്രി മനസിലാക്കണം. സഹകരണ മേഖലയ്ക്ക് പ്രശ്‌നങ്ങൾ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നത് കൊണ്ടാണ് ഞങ്ങൾ കൊള്ളക്കാരെ തള്ളിപ്പറയുന്നത്. പക്ഷേ കൊളളക്കാരെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി നിക്ഷേപകരുടെ കണ്ണീര് കാണാത്തത് എന്തുകൊണ്ടാണ്.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേയും മണ്ഡല പര്യടനവും കേരളീയം പരിപാടിയും സർക്കാർ ചെലവിലുള്ള എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണമാണെന്നും, ധന പ്രതിസന്ധിയിൽ സർക്കാർ നട്ടംതിരിയുന്ന സമയത്ത് ഇത്തരം ഒരു ധൂർത്ത് നടത്തുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും സതീശൻ ചോദിച്ചു.
Discussion about this post