കൊച്ചി : എതിർക്കുന്നവരെ അധിക്ഷേപിച്ച് അവരുടെ മനോവീര്യം തകർക്കുക എന്നത് സി പി എം ശൈലിയാണെന്ന് മാത്യു കുഴൽ നാടൻ എം എൽ എ. കെഎംഎൻപി ലോ എന്ന നിയമസ്ഥാപനം അയച്ച വക്കീൽ നോട്ടീസിന് സി പി എം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ നൽകിയ മറുപടിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വാർത്താ സമ്മേളനത്തിൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച ശേഷം ഇപ്പോൾ കെഎംഎൻപി ലോ എന്ന സ്ഥാപനത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ല എന്നാണ് മോഹനൻ പറയുന്നത്. ഇപ്പോൾ പറഞ്ഞതെല്ലാം അദ്ദേഹം വിഴുങ്ങി പിന്തിരിഞ്ഞു ഓടുകയാണെന്നും കുഴൽനാടൻ പറഞ്ഞു. ഇതെല്ലം സി പി എമ്മിന്റെ സ്ഥിരം ശൈലി ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വക്കീൽ നോട്ടീസിന് രഹസ്യമായി മറുപടി നൽകി വിഷയം ഒതുക്കാൻ നോക്കണ്ട. നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും കുഴൽ നാടൻ പറഞ്ഞു. അധികാരത്തിന്റെ ഹുങ്കിൽ പീഡിപ്പിക്കാനും നിശ്ശബ്ദരാക്കാനും ശ്രമിക്കും. അതും നടക്കാതെ വന്നാൽ കായികമായി നേരിടുകയാണ് സി പി എമ്മിന്റെ രീതി. കാലങ്ങളായി സി പി എം തുടരുന്ന ഫാഷിസ്റ്റ് ശൈലിയാണിതെന്ന് കുഴൽ നാടൻ കൂട്ടിച്ചേർത്തു.
കെഎംഎൻപി എന്ന സ്ഥാപനം കള്ളപ്പണം വെളുപ്പിക്കുന്നു, വരവിൽ കവിഞ്ഞു സ്വത്തു സമ്പാദിച്ചു തുടങ്ങിയ ആരോപണങ്ങൾ സി പി എം എറണാകുളം ജില്ലാ സെക്രട്ടറി ആരോപിച്ചിരുന്നു. അതിനെതിരെ കുഴൽനാടൻ കൂടി പങ്കാളിയായ സ്ഥാപനം വക്കീൽ നോട്ടീസ് അയച്ചിരുന്നു. അതിനു ആദ്ദേഹം നൽകിയ മറുപടി വിചിത്രം ആയിരുന്നു എന്നുമാണ് കുഴൽ നാടൻ പറയുന്നത്.
Discussion about this post