ഇംഫാൽ; മണിപ്പൂർ സംഘർഷം രാഷ്ട്രീയമായി വഴിതിരിച്ചുവിടാൻ ആസൂത്രിത നീക്കമെന്ന് സംശയം. വിദ്യാർത്ഥികൾ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിദ്യാർത്ഥികളെ മുന്നിൽ നിർത്തി സർക്കാരിനെതിരായ വികാരമാക്കി മാറ്റാനാണ് നീക്കം. കഴിഞ്ഞ ദിവസം ബിജെപി ഓഫീസ് തീവെച്ചതിന് പിന്നാലെ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിന്റെ കുടുംബവീട് അക്രമിക്കാനുളള ശ്രമമാണ് ഉണ്ടായത്. സുരക്ഷാസേനയുടെ ബലപ്രയോഗവും സമയോചിത ഇടപെടലും മൂലം ആൾക്കൂട്ടം പിന്തിരിയുകയായിരുന്നു.
വ്യാഴാഴ്ച രാത്രിയായിരുന്നു മുഖ്യമന്ത്രിയുടെ കുടുംബവീട് അക്രമിക്കാനുളള നീക്കം നടത്തിയത്.
അക്രമാസക്തരായി എത്തിയ ആൾക്കൂട്ടത്തെ വീടിന് കുറച്ചകലെ പോലീസ് തടയുകയായിരുന്നു. ഇംഫാലിലെ ഔദ്യോഗിക വസതിയിലാണ് മുഖ്യമന്ത്രി താമസിക്കുന്നത്. ഇംഫാലിലെ ഹെയിങ്ങാങ് പ്രദേശത്താണ് കുടുംബവീട്. അക്രമികൾ വീടിന് 100 മീറ്റർ അകലെ വരെയെത്തി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് നേരെയും പ്രതിഷേധം നടന്നിരുന്നു.
മെയ് ആദ്യം മുതൽ മണിപ്പൂരിൽ കുക്കി, മെയ്തീ വിഭാഗങ്ങൾ തമ്മിൽ സംഘർഷം നിലനിൽക്കുന്നുണ്ട്. സ്ഥിതി നിയന്ത്രിച്ചുവെങ്കിലും സംഘർഷാവസ്ഥയ്ക്ക് പൂർണമായും അയവ് വന്നിട്ടില്ല. മെയ്തീ വിഭാഗത്തിൽ നിന്നുളള സ്‌കൂൾ വിദ്യാർത്ഥിനിയുൾപ്പെടെ കൊല്ലപ്പെട്ട സംഭവത്തിലാണ് വീണ്ടും സംഘർഷം. വിദ്യാർത്ഥികളാണ് പ്രതിഷേധവുമായി ഇറങ്ങിയത്. ബുധനാഴ്ച പോലീസുകാരുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടിയിരുന്നു.
ഓൾ മണിപ്പൂർ സ്റ്റുഡന്റ്‌സ് യൂണിയൻ, ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് അലൈൻസ് ഓഫ് മണിപ്പൂർ, മണിപ്പൂർ സ്റ്റുഡന്റ്‌സ് ഫെഡറേഷൻ തുടങ്ങിയ വിദ്യാർത്ഥിസംഘടകളാണ് പ്രതിഷേധത്തിൽ മുൻപിലുളളത്.
സായുധസേനയ്ക്ക് പ്രത്യേക അധികാരം നൽകുന്ന അഫ്‌സ്പ മണിപ്പൂരിൽ ആറ് മാസത്തേക്ക് കൂടി നീട്ടിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ കുടുംബവീട് ആക്രമിക്കാനുളള ശ്രമം അരങ്ങേറിയത്.
Discussion about this post