മുംബൈ : മറാത്തി ആയതിനാൽ മുംബൈയിൽ വീട് നിഷേധിക്കപ്പെട്ടു എന്ന് അനുഭവം പങ്കുവെച്ച ഒരു യുവതിയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതേ അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ഇപ്പോൾ ബിജെപി ദേശീയ സെക്രട്ടറിയും മുൻ എംഎൽഎയും ആയ പങ്കജ മുണ്ടെ. സർക്കാർ വസതി ഒഴിഞ്ഞതിനു ശേഷം മുംബൈയിൽ ഒരു വീട് നോക്കിയിരുന്ന സമയത്ത് മറാത്തിയായ കാരണത്തിൽ പലരും വീട് നൽകാൻ വിസമ്മതിച്ചു എന്നാണ് പങ്കജ മുണ്ടെ വെളിപ്പെടുത്തുന്നത്.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റിലൂടെയാണ് പങ്കജ ഈ വെളിപ്പെടുത്തൽ നടത്തിയത്. “വീട് നിഷേധിക്കപ്പെടുന്നതായി വെളിപ്പെടുത്തിയ മറാത്തി യുവതിയുടെ വേദന തനിക്ക് മനസ്സിലാക്കാൻ കഴിയുന്നതാണ്. എന്റെ സർക്കാർ വസതി ഉപേക്ഷിച്ച് സ്വന്തമായി വീട് വാങ്ങാൻ ആഗ്രഹിച്ചപ്പോൾ, പലയിടത്തും സമാനമായ അനുഭവം എനിക്കും നേരിടേണ്ടി വന്നിട്ടുണ്ട്” – പങ്കജ മുണ്ടെ വ്യക്തമാക്കി.
“എന്റെ രാഷ്ട്രീയ ജീവിതത്തിൽ ഇതുവരെ പ്രവിശ്യാവാദത്തെക്കുറിച്ചോ മതവിവേചനത്തെക്കുറിച്ചോ ജാതീയതയെക്കുറിച്ചോ ഞാൻ അഭിപ്രായപ്പെട്ടിട്ടില്ല. ഞാൻ ഏതെങ്കിലും പ്രത്യേക ഭാഷയ്‌ക്കോ സമുദായത്തിനോ അനുകൂലവുമല്ല. മുംബൈ മഹാരാഷ്ട്രയുടെ തലസ്ഥാനം മാത്രമല്ല ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം കൂടിയാണ്. അതിനാൽ എല്ലാ ഭാഷകളിലുമുള്ള ആളുകളെ ഇവിടെ സ്വാഗതം ചെയ്യുന്നു. ഒരു മറാത്തി ആയതിന്റെ പേരിൽ ഒരാൾക്ക് താമസസൗകര്യം നിഷേധിക്കുന്നത് ദൗർഭാഗ്യകരമാണ്.” എന്നും പങ്കജ മുണ്ടെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ വ്യക്തമാക്കി.
Discussion about this post