കഴിഞ്ഞ 50 വർഷമായി വാഷിംഗ്ടൺ ഡിസിയിലെ ദേശീയ മൃഗശാലയിൽ തുടരുന്ന ഭീമൻ പാണ്ടകളെ ചൈനയിലേക്ക് തിരിച്ചയക്കാനൊരുങ്ങി അമേരിക്ക. ചൈനയിലെ വൈൽഡ് ലൈഫ് ഏജൻസിയുമായുള്ള കരാർ അവസാനിച്ചതിന് പിന്നാലെയാണ് പാണ്ടകളെ തിരിച്ചയക്കുന്നത്. കരാർ പുതുക്കിയില്ലെങ്കിൽ ഡിസംബറിൽ തന്നെ ഇവയെ ചൈനയിൽ തിരികെ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
ഈ പാണ്ടകളെ ചൈനയ്ക്ക് കൊടുത്താൽ പിന്നെ അറ്റ്‌ലാന്റ മൃഗശാലയിൽ നാല് ഭീമൻ പാണ്ടകൾ മാത്രമാകും അവശേഷിക്കുന്നത്. ഇവയേയും അടുത്ത വർഷത്തോടെ തിരിച്ചയക്കുമെന്നാണ് വിവരം. 1972ൽ അമേരിക്കൻ പ്രസിഡന്റ് നിക്സൺ ചൈന സന്ദർശിച്ചതിന് പിന്നാലെയാണ് രണ്ട് പാണ്ടകളെ യുഎസിന് സമ്മാനമായി ലഭിക്കുന്നത്. പിന്നീട് വാഷിംഗ്ടൺ ഡിസിയിലെ മൃഗശാലയിലെ പ്രധാന ആകർഷണകേന്ദ്രമായി ഇവ മാറുകയായിരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള മികച്ച ബന്ധത്തെ സൂചിപ്പിച്ചാണ് പാണ്ടകളെ ചൈന അമേരിക്കയ്ക്ക് കൈമാറിയത്. മെയ് സിയാങ്, ടിയാൻ ടിയാൻ എന്നിങ്ങനെയായിരുന്നു ഇവയുടെ പേരുകൾ. ഇവരുടെ 3 വയസ്സുള്ള കുഞ്ഞായ സിയാവോ ക്വി ജിയും മൃഗശാലയിലെത്തുന്നവരെ ആകർഷിച്ചിരുന്നു. പാണ്ടകളെ തിരിച്ചയക്കാനുള്ള തീരുമാനം രാഷ്ട്രീയ കാരണങ്ങളാണെന്നും, നയതന്ത്ര ബന്ധത്തിൽ വന്ന വിള്ളലുകളാണ് ഇതിന് പിന്നിലെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
Discussion about this post