വെള്ളിത്തിരയില്‍ തിളങ്ങി നിന്ന ഒരു യുവ താരം; എന്നാൽ അയാൾ മറ്റൊരു താരത്തിന്റെ വലിയ ആരാധകൻ ആയിരുന്നു. ചാര്‍ളി ചാപ്ലിന്‍ എന്ന ഇതിഹാസമായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ട നായകന്‍. കാലങ്ങളുടെ കാത്തിരിപ്പിന് ശേഷം സ്വപ്‌ന സാക്ഷാത്ക്കാരമെന്നപോലെ 1954-ല്‍ ആ യുവാവ് തന്റെ ആരാധനാമൂര്‍ത്തിയെ കണ്ടുമുട്ടുന്നു. എന്നാൽ ആവേശഭരിതനായ ആ യുവാവ് പരിസരം പോലും മറന്നു ചാപ്ലിന്റെ മുൻപിൽ ആര്‍ത്തുവിളിച്ചു.
അത് കണ്ടതും അദ്ദേഹം പൊട്ടിചിരിച്ചുകൊണ്ട് ആ ചെറുപ്പക്കാരനെ അഭിസംബോധന ചെയ്തു മുൻപോട്ടു നീങ്ങി.
അന്ന് ചാപ്ലിനെക്കണ്ട് ആവേശത്തോടെ ആര്‍ത്തുവിളിച്ച ആ യുവതാരമായിരുന്നു ബോളിവുഡിന്റെ എക്കാലത്തേയും മികച്ച നടന്മാരിലൊരാളായ ഇന്ത്യൻ സിനിമയുടെ “നിത്യ ഹരിത നായകൻ ” ദേവാനന്ദ്. 2023 സെപ്തംബര് 26ന് അദ്ദേഹത്തിന്റെ നൂറാം ജന്മവാർഷികമായിരുന്നു.
1923 സെപ്തംബർ 26 ന് ജനിച്ച ധരംദേവ് പിഷോരിമൽ ആനന്ദാണ് പിന്നീട് ദേവാനന്ദ് ആയി മാറുന്നതും ഇന്ത്യൻ സിനിമയിൽ ചരിത്രം സൃഷ്ടിക്കുന്നതും. നടൻ, സംവിധായകൻ, എഴുത്തുകാരൻ, നിർമ്മാതാവ്, രാഷ്ട്രീയ പ്രവർത്തകൻ – ദേവ് ആനന്ദിന്റെ വജ്ര കിരീടത്തിലെ പൊൻതൂവലുകളാണിത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ഉന്നതിയിൽ എത്തിയ നടന്മാരില്‍ ഒരാളായിട്ടു തന്നെയാണ് ദേവാനന്ദിനെ സിനിമ-സാംസ്കാരിക ലോകം അംഗീകരിക്കുന്നത്. അറുപതാണ്ടുകൾ നീണ്ടുനിന്ന ചലച്ചിത്ര സപര്യയിൽ അദ്ദേഹം നിറഞ്ഞു നിന്നത് 100-ലേറെ ചിത്രങ്ങളില്‍. നിരവധി തവണ ഫിലിംഫെയര്‍ പുരസ്‌കാരങ്ങള്‍. 2001-ല്‍ പദ്മഭൂഷണും 2002-ല്‍ ദാദാ സാഹിബ് ഫാല്‍ക്കേ പുരസ്‌കാരവും ദേവാനന്ദിന് നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
65 രൂപ ശമ്പളത്തോടെ ചര്‍ച്ച്‌ഗേറ്റിലെ മിലിട്ടറി സെന്‍സര്‍ ഓഫീസില്‍ ആയിരുന്നു ഇദ്ദേഹത്തിന്റെ ആദ്യ ജോലി. പിന്നീട് ഒരു ധനകാര്യ സ്ഥാപനത്തില്‍ ക്ലര്‍ക്കായി. 85 രൂപയായിരുന്നു അവിടുത്തെ പ്രതിഫലം. അങ്ങനെയിരിക്കേയാണ് 1946-ല്‍ പ്രഭാത് ഫിലിംസിന്റെ ഹം ഏക് ഹേ എന്ന ചിത്രത്തിലേക്കുള്ള അവസരം ലഭിക്കുന്നത്. പക്ഷെ ആ ചിത്രം അന്നത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങിയ ‘സിദ്ദി’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെ ആദ്യ ഹിറ്റ് അദ്ദേഹത്തെ തേടിയെത്തി. ദേവാനന്ദ് എന്ന സുവർണ്ണ താരം അവിടെ നിന്നാണ് ഉദിച്ചുയർന്നത്. 1951- ൽ പുറത്തിറങ്ങിയ ബാസി എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ ബോംബെ നോയര്‍ ചിത്രങ്ങള്‍ക്ക് തുടക്കമിട്ടതും ദേവാനന്ദ് ആയിരുന്നു.
ജാല്‍, ടാക്‌സി ഡ്രൈവര്‍, മുനിംജി, സി.ഐ.ഡി, പോക്കറ്റ് മാര്‍, ഫന്തൂഷ്, പേയിങ് ഗസ്റ്റ്, കാലാ പാനി തുടങ്ങി നിരവധി ചിത്രങ്ങള്‍ അദ്ദേഹത്തിന്റേതായി പിന്നീട് പിറന്നു വീണു. ഇതില്‍ കാലാ പാനി പല വിവാദങ്ങള്‍ക്കും വഴിയൊരുക്കി. ഈ ചിത്രം പുറത്തുവന്നതിന് ശേഷം കറുത്ത വസ്ത്രം ധരിക്കുന്നതിന് സിനിമാലോകത്തുനിന്ന് അദ്ദേഹത്തിന് ‘വിലക്ക്’ നേരിടേണ്ടി വന്നു എന്നത് വിചിത്രമായ ഒരു കാര്യം തന്നെയാണ്. 1958-ല്‍ കാലാ പാനിയുടെ റിലീസ് ദിവസം ഒരു ആരാധിക ദേവാനന്ദിനെ കറുത്ത നിറമുള്ള വസ്ത്രത്തിൽ കണ്ടതിനെ തുടർന്ന് ജീവനൊടുക്കിയതായിരുന്നു ഇതിന് കാരണം.
മന്‍സില്‍, ജബ് പ്യാര്‍ കിസി സേ ഹോത്താ ഹേ, ഹം ദോനോ, അസ്ലി-നഖ്‌ലി, തേരേ ഘര്‍ കേ സാമ്‌നേ തുടങ്ങിയ ചിത്രങ്ങളിലൂടെ ഇന്ത്യയിലെ റൊമാന്റിക് ഹീറോയായി അദ്ദേഹം തിളങ്ങി നിന്നു.
അങ്ങനെ പ്രശസ്ത ഹോളിവുഡ് താരം ഗ്രിഗറി പെക്കുമായും ദേവിനെ താരതമ്യം ചെയ്തു പോലും വിശകലനങ്ങൾ വന്നു . 1965-ല്‍ ആര്‍.കെ.നാരായണന്റെ നോവല്‍ ആസ്പദമാക്കിയെടുത്ത ‘ഗൈഡ്’ എന്ന ചിത്രം ദേവാനന്ദിന്റെ സിനിമാ ജീവിതത്തിലെ നാഴികക്കല്ലായി മാറി. ഈ ചിത്രം 38-ാമത് അക്കാദമി പുരസ്‌കാര പട്ടികയിലും ഇടംപിടിച്ചു.
1967-ല്‍ ജ്യുവല്‍ തീഫ് എന്ന ചിത്രത്തിലൂടെ ത്രില്ലറിലും അദ്ദേഹം വിജയം കൈവരിച്ചു. ഈ ചിത്രത്തിലെ ചെക്ക് ഡിസൈൻ തൊപ്പിവെച്ചുള്ള സ്റ്റൈല്‍ പിന്നീട് അദ്ദേഹത്തിന്റെ അടയാളംതന്നെയായി മാറി.
70കളിലാണ് ദേവാനന്ദിലെ സംവിധായകനെ ചലച്ചിത്രലോകം തിരിച്ചറിയുന്നത്. പ്രേം പൂജാരിയായിരുന്നു അദ്ദേഹം സംവിധാനവും തിരക്കഥയും നിർവഹിച്ച ആദ്യചിത്രം. പിന്നീട് ഹരേ രാമ ഹരേ കൃഷ്ണ, ഹീരാ പന്നാ, ദേശ് പര്‍ദേശ്, ലൂട്ട്മാര്‍, സ്വാമി ദാദാ, ഹം നൗജവാന്‍ തുടങ്ങിയ ചിത്രങ്ങളും ദേവാനന്ദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങി. 2011-ല്‍ പുറത്തിറങ്ങിയ ചാര്‍ജ്ഷീറ്റ് ആയിരുന്നു അദ്ദേഹത്തിന്റെ അവസാനചിത്രം അത് സംവിധാനം ചെയ്തതും നായകനായതും അദ്ദേഹംതന്നെ. പ്രശസ്ത നടി ദിവ്യ ഭാരതിയുടെ മരണവും അതുമായി ബന്ധപ്പെട്ടുകിടക്കുന്ന ദുരൂഹതകളുമായിരുന്നു 2011 സെപ്റ്റംബര്‍ 30-ന് റിലീസ് ചെയ്ത ചിത്രത്തിന്റെ പ്രമേയം. ഇതേ വര്‍ഷം ഡിസംബര്‍ മൂന്നിന് ലണ്ടനില്‍ വെച്ചായിരുന്നു ദേവാനന്ദിന്റെ മരണവും.
രാഷ്ട്രീയത്തിലും സജീവമായി ഇടപെട്ടിരുന്നു ദേവാനന്ദ് എന്ന പൗരബോധമുള്ള മനുഷ്യൻ. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ 1975 ൽ പ്രഖ്യാപിച്ച് 21 മാസം നീണ്ടു നിന്ന ആഭ്യന്തര അടിയന്തരാവസ്ഥയ്‌ക്കെതിരെ ചലച്ചിത്രരംഗത്തുനിന്നുള്ള ആളുകളെ കൂട്ടി ശബ്ദമുയര്‍ത്തിയിരുന്നു ഇദ്ദേഹം. അങ്ങനെ നാഷണല്‍ പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടിയും അദ്ദേഹം രൂപീകരിച്ചു. എന്നാൽ ഈ പാർട്ടി പിന്നീട് പിരിച്ചുവിടുകയായിരുന്നു.
വ്യത്യസ്തവും ചടുലവുമായ ദേവ് ആനന്ദ് ശൈലി, അടുത്ത തലമുറയിലെയും അന്യഭാഷയിലെയും അഭിനേതാക്കള്‍ കടമെടുത്തു എന്നതും മറ്റൊരു പ്രത്യേകത. 1950- മുതല്‍ 70കളുടെ തുടക്കം വരെ ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്നതും ഇദ്ദേഹമാണ്.
ബോളിവുഡിന്റെ ആദ്യ ഫാഷന്‍ ഐക്കണ്‍, ബോളിവുഡിലെ ഏറ്റവും സ്‌റ്റൈലിഷ് ആയ നടന്‍, റൊമാന്റിക് ഹീറോ എന്നിങ്ങനെ നിരവധി വിശേഷണങ്ങള്‍ ദേവാനന്ദിന് മാത്രം അവകാശപ്പെട്ടതാണ്. 2007-ല്‍ റൊമാന്‍സിങ് വിത്ത് ലൈഫ് എന്ന ആത്മകഥയും അദ്ദേഹം പുറത്തിറക്കി. പിറന്നാള്‍ ആഘോഷങ്ങൾക്കിടെ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ആയിരുന്നു പുസ്തകപ്രകാശനം നിര്‍വഹിച്ചത്.
തന്റെ സിനിമകളിലെ നായക വേഷങ്ങളുടെ പ്രതിഫലനങ്ങൾ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളും. 1940-കളില്‍ ഗായിക കൂടിയായ സുരയ്യയുമായുള്ള ദേവാനന്ദിന്റെ പ്രണയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അന്ന് ദേവാനന്ദിനേക്കാള്‍ മൂല്യമുള്ള താരമായിരുന്നു സുരയ്യ. അക്കാലത്ത് സുരയ്യക്ക് 3,000 രൂപയോളം വിലയുള്ള ഡയമണ്ട് മോതിരം ദേവാനന്ദ് സമ്മാനിച്ചതും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. എന്നാൽ പിന്നീട് ഈ ഈ ബന്ധം അവസാനിപ്പിക്കുവാൻ ഇരുവരും ഒരുമിച്ചു തീരുമാനിക്കുകയായിരുന്നു. ശേഷം ദേവാനന്ദ് നടിയായ കല്‍പനാ കാര്‍ത്തിക്കിനെ വിവാഹം കഴിച്ചു. എന്നാൽ സുരയ്യ അവിവാഹിതയായി തുടരുകയും ചെയ്തു.ദേവാനന്ദ് കല്പന ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത് . നിര്‍മാതാവും നടനുമായ സുനില്‍ ആനന്ദും ദേവിനാ ആനന്ദും.
എക്കാലവും ഏതൊരു കലാകാരന്റെയും കലാസ്വാദകന്റെയും മനസ്സിൽ തിളങ്ങി നിൽക്കുന്ന ദേവാനന്ദ് എന്ന പൊൻതാരത്തിന് ഓർമപ്പൂക്കൾ..
Discussion about this post