ബാറിലുണ്ടായ തർക്കത്തെ തുടർന്ന് കൊച്ചിയിൽ ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ പ്രമുഖ നടി ലക്ഷ്മി മേനോനെ പ്രതിചേർത്തു. തട്ടിക്കൊണ്ടുപോകുന്നതിനിടെ നടി കാറിലുണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിചേർത്തത്.നടി ഒളിവിലാണെന്നാണ് വിവരം.
എറണാകുളം നോർത്ത് റെയിൽവേ പാലത്തിൽ ഈ മാസം ഇരുപത്തിനാലിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആലുവ സ്വദേശി അലിയാർ ഷാ സലീമാണ് പരാതി നൽകിയത്,.നടുറോഡിൽ കാർ തടഞ്ഞ് നടിയും സംഘവും പരാക്രമം കാണിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. പിന്നാലെ അലിയാറിനെ കാറിൽ നിന്നിറക്കി മറ്റൊരു വാഹനത്തിൽ കയറ്റി തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് വിവരം. കേസിൽ മിഥുൻ, അനീഷ്, സോന മോൾ എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ആലുവ, പറവൂർ സ്വദേശികളാണ് പിടിയിലായത്.
ബാറിൽ വച്ചുണ്ടായ തർക്കമാണ് തട്ടിക്കൊണ്ടുപോകലിനും മർദനത്തിനും പിന്നിലെന്നാണ് വിവരം. പരാതിക്കാരനും സുഹൃത്തുക്കളും ബാറിൽ നിന്നിറങ്ങിയ ശേഷം നടിയും സംഘവും ഇവരെ പിന്തുടരുകയായിരുന്നു. നോർത്ത് പാലത്തിൽ എത്തിയതോടെ കാർ തടഞ്ഞ് പരാക്രമം കാണിക്കുകയായിരുന്നു..
Discussion about this post