ഇന്ത്യൻ സിനിമ സംഗീതത്തിന്റെ ലോകത്ത് മുഹമ്മദ് റാഫി, ലതാ മങ്കേഷ്കർ, ആശാ ഭോസ്‌ലെ തുടങ്ങിയ പേരുകൾക്ക് ഒരു ആമുഖത്തിന്റെ ആവശ്യമില്ല. എക്കാലത്തെയും പ്രിയപ്പെട്ട ഗായകരാണ് ഇവർ മൂന്നുപേരും. എന്നാൽ ഇപ്പോൾ മുഹമ്മദ് റാഫിയുടെ മകൻ ലതാ മങ്കേഷ്‌കറിനും ആശാ ഭോസ്‌ലെക്കും എതിരെ ഒരു ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ്.
ലതാ മങ്കേഷ്‌കറും ആശാ ഭോസ്‌ലെയും ചേർന്നാണ് തന്റെ പിതാവ് മുഹമ്മദ് റാഫിയുടെ കരിയർ നശിപ്പിച്ചത് എന്നാണ് ഷാഹിദ് റാഫി ആരോപിക്കുന്നത്. വിക്കി ലാൽവാനിക്ക് നൽകിയ ഒരു അഭിമുഖത്തിൽ ആയിരുന്നു ഷാഹിദ് റാഫിയുടെ ഈ ആരോപണങ്ങൾ. സഹോദരിമാരായ ലതയ്ക്കും ആശക്കും തന്റെ പിതാവിന്റെ വളർച്ചയിൽ അസൂയയായിരുന്നു എന്നാണ് ഷാഹിദ് റാഫി ഈ അഭിമുഖത്തിൽ പറഞ്ഞത്. രണ്ട് സഹോദരിമാരും ചേർന്ന് തന്റെ പിതാവിനെ പിന്നോട്ട് തള്ളിവിടാനും സംഗീത ലോകത്തിന് അദ്ദേഹം നൽകിയ സംഭാവനകളെ ദുർബലപ്പെടുത്താനും ശ്രമിച്ചുവെന്നും ഷാഹിദ് ആരോപിച്ചു.
ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ച ഗായകൻ എന്ന നിലയിൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ആദ്യമായി പേര് രജിസ്റ്റർ ചെയ്തത് മുഹമ്മദ് റാഫിയായിരുന്നു. എന്നാൽ ലതാ മങ്കേഷ്കർ ഇതിനെ എതിർത്തതിനെ തുടർന്ന് ഗിന്നസ് റെക്കോർഡ് മുഹമ്മദ് റാഫിയുടെ പേര് നീക്കം ചെയ്യുകയായിരുന്നു. ലതാ മങ്കേഷ്കറിന്റെ ഇടപെടൽ നടന്നില്ലായിരുന്നെങ്കിൽ, തന്റെ പിതാവിന് തീർച്ചയായും ആ ബഹുമതി ലഭിക്കുമായിരുന്നുവെന്ന് ഷാഹിദ് അഭിപ്രായപ്പെട്ടു.
Discussion about this post