തിരുവനന്തപുരം: പ്രമുഖ കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു. 91 വയസായിരുന്നു. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയാണ്.
വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി അവശനായിരുന്നു. ഇതേ തുടർന്നായിരുന്നു അന്ത്യം. ഭൗതിക ദേഹം നാളെ സംസ്‌കരിക്കും. കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപകനാണ് അദ്ദേഹം.
വീരളത്ത്മഠത്തിൽ സുബ്ബരായൻ പോറ്റിയുടെയും കൃഷ്ണമ്മാളിന്റേയും മകനായി 1932 ജൂലൈ 9-നായിരുന്നു സുകുമാർ ജനിച്ചത്. എസ്.സുകുമാരൻ പോറ്റിയെന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്. പോലീസ് വകുപ്പിലായിരുന്നു അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്.മനഃശാസ്ത്രം മാസികയിൽ 17 വർഷം വരച്ച ‘ഡോ.മനശാസ്ത്രി’ എന്ന കാർട്ടൂൺ കോളം പ്രസിദ്ധമാണ്. ഇതിനോടൊപ്പം തന്നെ നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
സർക്കാർ കാര്യം, കോടമ്പക്കം, പ്ലഗ്ഗുകൾ, അ, കൂത്തമ്പലം, കുടുമ, ഒട്ടിപ്പോ എന്നിങ്ങനെയാണ് ഹാസ്യ നോവലുകൾ. ഒരു നോൺ ഗസറ്റഡ് ചിരി, രാജാകേശവദാസൻ, ഞാൻ എന്നും ഉണ്ടായിരുന്നു, സുസ്മിതം, ഓപ്പറേഷൻ മുണ്ടങ്കുളം, ഹാസ്യം സുകുമാരം, അട്ടയും മെത്തയും, ഊളനും കോഴിയും, കൊച്ചിൻ ജോക്ക്സ്, കാക്കിക്കഥകൾ, സുകുമാർ കഥകൾ, അഹം നർമ്മാസ്മി, ഹാസ്യപ്രസാദം എന്നിങ്ങനെയാണ് ഹാസ്യ കഥാസമാഹാരങ്ങൾ. കേരള കാർട്ടൂൺ അക്കാദമിയുടെ ചെയർമാനും സെക്രട്ടറിയുമായിരുന്നു സുകുമാർ.
Discussion about this post