മുംബൈ : അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്റെ പോസ്റ്ററുകളോ ബാനറുകളോ പതിക്കില്ലെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. തനിക്ക് വോട്ട് ചെയ്യാൻ താത്പര്യമുള്ളവർക്ക് ചെയ്യാം, ഇല്ലാത്തവർ ചെയ്യേണ്ടതില്ലെന്നും ഗഡ്കരി പറഞ്ഞു. മഹാരാഷ്ട്രയിലെ വാസിമിൽ ദേശീയ പാതകളുടെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ഞാൻ നിങ്ങളുടെ സേവകനാണ്. നിങ്ങളെ സത്യസന്ധമായി സേവിക്കാമെന്ന വിശ്വാസം എനിക്കുണ്ട്. ഞാൻ അധികാരത്തിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വോട്ട് ചെയ്യാം, ഇല്ലെങ്കിൽ ചെയ്യേണ്ട കാര്യമില്ല” അദ്ദേഹം പറഞ്ഞു.
”എന്തായാലും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് തന്റെ പോസ്റ്ററുകളോ ബാനറുകളോ പതിക്കില്ലെന്ന് തീരുമാനിച്ചു. പണമോ മദ്യമോ എന്റെ കൈയ്യിൽ നിന്ന് പ്രതീക്ഷിക്കരുത്. ഞാൻ അഴിമതി ചെയ്യുകയുമില്ല, അത് ചെയ്യാൻ അനുവദിക്കുകയുമില്ല” അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ പാതകളിൽ കുഴികൾ ഉണ്ടാകാതിരിക്കാനുളള സർക്കാർ നയം വർഷാവസാനത്തോടെ രൂപീകരിക്കുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞിരുന്നു. ബിൽഡ്-ഓപ്പറേറ്റ്-ട്രാൻസ്ഫർ (ബിഒടി) മോഡൽ ഉപയോഗിച്ച് റോഡുകളുടെ നിർമ്മാണം ഏറ്റെടുക്കാനും തീരുമാനമുണ്ട്. അത്തരം പദ്ധതികൾ മികച്ച രീതിയിൽ പരിപാലിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post