ന്യൂഡൽഹി: ഗാന്ധി ജയന്തി ദിനത്തിൽ മഹാത്മാ ഗാന്ധിയ്ക്ക് ആദരവർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി. മഹാത്മാ ഗാന്ധിയുടെ 154ാം ജന്മവാർഷികമാണ് ഇന്ന്.
രാവിലെയോടെയായിരുന്നു പ്രധാനമന്ത്രി രാജ്ഘട്ടിൽ എത്തിയത്. അദ്ദേഹത്തിന് പുറമേ ലോക്‌സഭാ സ്പീക്കർ ഓംബിർല, ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേന, കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ എന്നിവരും രാജ്ഘട്ടിലെത്തി. ഇതിന് ശേഷം സർവ്വമത പ്രാർത്ഥനയും നടന്നു.
ഗാന്ധി ജയന്തി ദിനത്തിൽ മഹാത്മാ ഗാന്ധിയ്ക്ക് പ്രണാമം അർപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ബാപ്പുവിന്റെ ആദർശങ്ങളും തത്വങ്ങളും എല്ലാ കാലത്തും നമ്മുടെ പാതയ്ക്ക് വെളിച്ചമേകും. ഐക്യം, സഹാനുഭൂതി എന്നീ മൂല്യങ്ങൾ കൊണ്ട് ആഗോള മനുഷ്യരാശിയെ സ്വാധീനിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ ദർശനങ്ങൾ യാഥാർത്ഥ്യമാക്കാൻ തുടർന്നും പ്രവർത്തിക്കാം. ഐക്യവും സാഹോദര്യവും കൊണ്ട് മഹാത്മാ ഗാന്ധിയുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ ഏവർക്കും സാധിക്കട്ടെയെന്നും മോദി പറഞ്ഞു.
Discussion about this post