തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയാണ് തന്നെ നേരിട്ട് കാര്യങ്ങള്‍ അറിയിക്കേണ്ടതെന്നും അത് മുഖ്യമന്ത്രിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടുന്നില്ലെന്ന് കാട്ടി മുഖ്യമന്ത്രി നേരത്തെ ഗവര്‍ണറിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
“മുഖ്യമന്ത്രി രാജ്ഭവനിലേക്കു വരുന്നില്ല. മന്ത്രിമാരും മറ്റ് ഉദ്യോഗസ്ഥരും രാജ്ഭവനില്‍ വന്നിട്ടു കാര്യമില്ല. ഞാന്‍ ഉന്നയിച്ച ഒരു ചോദ്യങ്ങള്‍ക്കും മറുപടി കിട്ടിയിട്ടില്ല”, ഗവര്‍ണര്‍ പറഞ്ഞു. കരുവന്നൂര്‍ തട്ടിപ്പു സംബന്ധിച്ചു പരാതി കിട്ടിയാല്‍ വിശദീകരണം തേടുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാത്തതില്‍ ദിവസങ്ങള്‍ക്കു മുമ്പാണു ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.
നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനന്തമായി പിടിച്ചുവച്ചിരിക്കുന്നതു പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അന്തസ്സത്തയ്ക്കു നിരക്കാത്ത കാര്യമാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. 8 ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാനുണ്ട്. അതില്‍ മൂന്നെണ്ണം യൂണിവേഴ്‌സിറ്റി ബില്ലാണ്. ഗവര്‍ണര്‍ സര്‍വകലാശാല ബില്ലില്‍ ഒപ്പുവയ്ക്കാത്തതിനാല്‍ വിവിധ സര്‍വകലാശാലകളിലെ വിസി നിയമനം സ്തംഭനാവസ്ഥയിലാണ്. കേരള സഹകരണ സൊസൈറ്റി ഭേദഗതി ബില്ലും ലോകായുക്ത ബില്ലും അടക്കം ഒപ്പിടാനുണ്ട്. ഗവര്‍ണര്‍ ഒപ്പിടാത്തതിനാല്‍ നിയമമായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
നിയമ നടപടി സ്വീകരിക്കുന്നതിനു മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ കെ കെ വേണുഗോപാലിനെ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Discussion about this post