ഗുവാഹത്തി: സംസ്ഥാന സർക്കാരിന്റെ ശൈശവ വിവാഹത്തിനെതിരായ നടപടിയിൽ അറസ്റ്റിലായത് 1039 പേർ. ഇന്നലെ നടന്ന രണ്ടാംഘട്ട ഓപ്പറേഷനിലാണ് ഇത്രയധികം പേർ പിടിയിലാകുന്നത്. ഈ വർഷം ഫെബ്രുവരിയിൽ, ശൈശവ വിവാഹങ്ങൾ തടയുന്നതിന്റെ ഭാഗമായി നടത്തിയ ഓപ്പറേഷന്റെ പ്രാരംഭ ഘട്ടത്തിൽ, ശൈശവ വിവാഹങ്ങളിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 15 പുരോഹിതന്മാർ ഉൾപ്പെടെ ഏകദേശം 5,000 വ്യക്തികളെ അസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
2026 അവസാനത്തോടെ സംസ്ഥാനത്ത് നിന്ന് ശൈശവ വിവാഹങ്ങൾ തുടച്ചുനീക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ഈ വർഷം ആദ്യം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞിരുന്നു. സംസ്ഥാനത്തെ ശൈശവ വിവാഹങ്ങൾക്കെതിരെ ഓപ്പറേഷൻ ആരംഭിക്കുമെന്നും 2-3 മാസം കൂടുമ്പോൾ ആളുകളെ അറസ്റ്റ് ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
ഈ വർഷം ജനുവരി 23 നാണ് സംസ്ഥാനത്ത് ശൈശവ വിവാഹങ്ങൾ നിരോധിക്കുന്നതിനുള്ള നിയമനിർമ്മാണം മന്ത്രിസഭ പാസാക്കിയത്. 200 കോടി രൂപയാണ് ഈ വിഷയം കൈകാര്യം ചെയ്യാനായി മാത്രം സംസ്ഥാനം വകയിരുത്തിയത്. കഴിഞ്ഞ വർഷങ്ങളിൽ ഒരു ലക്ഷത്തിലധികം പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ വിവാഹിതരായെന്നും അവരിൽ പലരും കുട്ടികളുടെ അമ്മമാരായെന്നും അസം മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
Discussion about this post