മമ്മൂട്ടി നായകനായ സൂപ്പർഹിറ്റ് ചിത്രം ‘ദ് പ്രീസ്റ്റി’നുശേഷം അടുത്ത ചിത്രവുമായി സംവിധായകൻ ജോഫിൻ ടി. ചാക്കോ. എൺപതുകളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു പീരിയഡ് ബിഗ് ബജറ്റ് ത്രില്ലറാണ് ജോഫിന്റെ ഇത്തവണത്തെ പ്രൊജക്റ്റ്. താരനിർണയം നടന്നുവരുന്ന സിനിമയില്‍ നായികയാൻ ഒരവസരം. താൽപര്യമുള്ള കുട്ടികൾ moviecallsyou@gmail.com എന്ന മെയിൽ ഐഡിയിേലക്ക് അഞ്ച് ചിത്രങ്ങൾ അയയ്ക്കുക. പ്രായപരിധി പതിനാറു മുതൽ 23 വയസ്സുവരെ. ഒക്ടോബർ 30 വരെ ചിത്രങ്ങൾ അയയ്ക്കാം. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരക്കുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ മറ്റു വിവരങ്ങൾ അണിയറപ്രവർത്തകർ ഉടൻ പുറത്തുവിടും. കോവിഡിനെ തുടർന്ന് വൻ നഷ്ടത്തെ അഭിമുഖീകരിച്ച കേരളത്തിലെ സിനിമ, തിയറ്റർ മേഖലയ്ക്ക് പുത്തനുണർവ് നൽകിയ സിനിമയായിരുന്നു ജോഫിന്റെ സംവിധാനത്തിൽ പുറത്തുവന്ന പ്രീസ്റ്റ്. മമ്മൂട്ടിയുടെ വൈദിക വേഷമായിരുന്നു ചിത്രത്തിന്റെ പ്രധാന പ്രത്യേകത. ചിത്രം അൻപതു കോടി ക്ലബ്ബിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു. നിഖില വിമൽ, ബേബി മോണിക്ക, സാനിയ ഇയ്യപ്പൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. ആന്റോ ജോസഫ്, ബി. ഉണ്ണികൃഷ്ണൻ വി.എൻ.ബാബു എന്നിവർ ചേർന്നായിരുന്നു നിർമാണം.
Discussion about this post