മുംബൈ/ റോം: നടി ഗായത്രി ജോഷി സഞ്ചരിച്ച വാഹനം ഇടിച്ച് രണ്ട് പേർ മരിച്ചു. ഇറ്റലിയിലെ സർഡീനിയയിലായിരുന്നു സംഭവം. അപകടത്തിൽ നടിയ്ക്കും ഭർത്താവിനും നിസാര പരിക്കുണ്ടെന്നാണ് റിപ്പോർട്ടുകൾ. അവധിക്കാലം ആഘോഷിക്കുന്നതിന് വേണ്ടിയായിരുന്നു ഗായത്രി ഭർത്താവും വ്യാപാരിയുമായ വികാസ് ഒബ്രോയ്‌ക്കൊപ്പം ഇറ്റലിയിൽ എത്തിയത്.
ഇരുവരും സഞ്ചരിച്ചിരുന്ന ലംബോർഗിനിയാണ് അപകടത്തിൽപ്പെട്ടത്. മുൻപിൽ പോയ വലിയ വാഹനത്തെ മറികടക്കാൻ ശ്രമിച്ചപ്പോഴായിരുന്നു അപകടം ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ എതിരെ വന്ന ഫെരാരി കാറിൽ ഇടിക്കുകയായിരുന്നു. ഇതിന് ശേഷം മറ്റൊരു വാനിലും ഇടിച്ചാണ് വാഹനം നിന്നത്.
ഫെരാരി കാറിൽ സ്വീഡിഷ് സ്വദേശികളായ ദമ്പതികളാണ് ഉണ്ടായിരുന്നത്. ഇവരാണ് മരിച്ചത്. 67 കാരനായ മർകുസ് ക്രൗട്ടിൽ, മെലിസ്സ ക്രൗട്ടിൽ എന്നിവരാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇവരും അവധി ആഘോഷത്തിനായി ഇവിടെയെത്തിയതാണെന്നാണ് വിവരം. വാനിന്റെ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.
ഷാരൂഖ് ഖാൻ നായകനായ സ്വദേശ് എന്ന സിനിമയിലൂടെയാണ് ഗായത്രി ശ്രദ്ധേയ ആയത്. 2004ലായിരുന്നു ചിത്രം റിലീസ് ആയത്. ഇതിന് പിന്നാലെ 2005 ൽ വികാസ് ഒബ്രോയിയെ നടി വിവാഹം ചെയ്യുകയായിരുന്നു.
Discussion about this post