ആയിരം കോടി ക്ലബ് എന്നത് സിനിമ മേഖലയെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ല. സിനിമാലോകത്തെ എലൈറ്റ് ക്ലബ് ആയാണ് ആയിരം കോടി ക്ലബ് അറിയപ്പെടുന്നത്. നിലവിൽ 6 ഇന്ത്യൻ സിനിമകൾ മാത്രമാണ് ആയിരം കോടി ക്ലബ്ബിലുള്ളത്. ഈ ആയിരം കോടി ക്ലബ്ബിന്റെ ഭാഗമായ നായികമാർ ആരൊക്കെയാണെന്ന് നോക്കാം.

ഇന്ത്യൻ സിനിമയിൽ നിന്നും ആദ്യമായി 1000 കോടി ക്ലബ്ബിൽ എത്തുന്ന സിനിമ ദംഗൽ ആയിരുന്നു. ആമിർഖാൻ നായകനായ ഈ ചിത്രത്തിൽ പ്രധാന സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത് ഫാത്തിമ സന ഷെയ്ഖും സാനിയ മൽഹോത്രയും ആയിരുന്നു. ഇവർ രണ്ടുപേരും ആണ് ഇന്ത്യയിൽ ആദ്യമായി ആയിരം കോടി ക്ലബ്ബിൽ എത്തിയ നായികമാർ.

രണ്ടാമതായി 1000 കോടി ക്ലബ്ബിൽ ഇടംപിടിച്ച സിനിമ ബാഹുബലി 2 ആയിരുന്നു. രാജമൗലി സംവിധാനം ചെയ്ത് പ്രഭാസ് നായകനായ ഈ ചിത്രം ദക്ഷിണേന്ത്യയിൽ നിന്നും ആദ്യമായി ആയിരം കോടി ക്ലബ്ബിൽ എത്തുന്ന ചിത്രമാണ്. ചിത്രത്തിലെ പ്രധാന സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച അനുഷ്ക ഷെട്ടി, രമ്യ കൃഷ്ണൻ, തമന്ന ഭാട്ടിയ എന്നിവർ ആയിരം കോടി ക്ലബ്ബിൽ എത്തുന്ന ദക്ഷിണേന്ത്യൻ നായികമാരായി മാറി.

മൂന്നാമതായി ആയിരം കോടി ക്ലബ്ബിലെത്തിയ ഇന്ത്യൻ സിനിമ KGF 2 ആണ്. കന്നടയിൽ നിന്നും ഒരു പാൻ ഇന്ത്യൻ മൂവിയായി പുറത്തിറങ്ങിയ ഈ ചിത്രം ഇന്ത്യയിൽ എങ്ങും മികച്ച സ്വീകാര്യതയോടെയാണ് പ്രദർശിപ്പിക്കപ്പെട്ടിരുന്നത്. പ്രശാന്ത് നീൽ രചനയും സംവിധാനവും നിർവഹിച്ച് യാഷ് നായകനായ ഈ ചിത്രത്തിലൂടെ നായികയായ ശ്രീനിധി ഷെട്ടി ആയിരം കോടി ക്ലബ്ബിലെത്തി.

ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്ത RRR എന്ന ചിത്രമായിരുന്നു ആയിരം കോടി ക്ലബ്ബിലേക്ക് പിന്നീട് എത്തിയ ചിത്രം. N. T. രാമറാവു ജൂനിയറും രാം ചരണും ആയിരുന്നു ചിത്രത്തിലെ നായകന്മാർ. ഈ ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ആലിയ ഭട്ട് 1000 കോടി ക്ലബ്ബിലെത്തി.

അഞ്ചാമതായി ആയിരം കോടി ക്ലബ്ബിൽ എത്തിയ ചിത്രം ഷാരൂഖ് ഖാൻ നായകനായ പത്താനായിരുന്നു. സിദ്ധാർത്ഥ് ആനന്ദ് ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. പത്താനിലൂടെ ദീപിക പദുകോൺ ആദ്യമായി 1000 കോടി ക്ലബ്ബിൽ എത്തി.

ആയിരം കോടി ക്ലബ്ബിൽ എത്തിയിട്ടുള്ള ആറാമത്തെ ചിത്രം അറ്റ് ലീ സംവിധാനം ചെയ്ത ജവാൻ ആണ്. ഷാരൂഖ് ഖാന്റെ രണ്ടാമത്തെ ആയിരം കോടി ചിത്രമാണിത്. പാൻ ഇന്ത്യൻ മൂവിയായി പുറത്തിറങ്ങിയ ഈ ചിത്രത്തിലൂടെ മലയാളത്തിന്റെ സ്വന്തം നായിക നയൻതാര ആയിരം കോടി ക്ലബ്ബിൽ സ്ഥാനമുറപ്പിച്ചു. ഈ എലൈറ്റ് ക്ലബ്ബിൽ എത്തിച്ചേർന്നിട്ടുള്ള ഏക മലയാളി നായികയും നയൻതാരയാണ്.













Discussion about this post